കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്ന സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി

തിരുവനന്തപുരം: കുഞ്ഞിന്റെ മൃതദേഹവുമായി അട്ടപ്പാടിയിൽ പിതാവിന് നടക്കേണ്ടിവന്ന സംഭവത്തിൽ കലക്ടറോട് റിപ്പോർട്ട് തേടി പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കലക്ടറും പട്ടികവർഗ ഡെപ്യൂട്ടി ഡയറക്ടറും മുരുഗ ഊര് സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ഉത്തരവിട്ടു.

മുരുഗ ഊരിലെ അയ്യപ്പൻ കുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്. അയ്യപ്പൻ-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരികഴിഞ്ഞ ദിവസം പുലർച്ചെയാണ് മരിച്ചത്.

കുഞ്ഞിന്റെ മൃതദേഹം ഊരിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിതാവ് മൃതദേഹവുമായി നടന്നത്. അയ്യപ്പൻ കുട്ടി കുഞ്ഞിന്റെ മൃതദേഹവുമായി നടക്കുന്നതിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനമാണ് സർക്കാരിന് എതിരെ ഉയർന്നത്.

Top