ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തില്‍ നടപടിയുമായി കേന്ദ്രം. വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശം. വീഡിയോ പിന്‍വലിക്കാന്‍ ട്വിറ്ററിനോടും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോടും ആവശ്യപ്പെട്ടു. അതേസമയം പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ കുറ്റവാളികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു.
മെയ് നാലിനാണ് രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നത്. രണ്ട് സ്ത്രീകളെ ജനക്കൂട്ടത്തിന് മുന്നില്‍ നഗ്‌നരാക്കിയെന്നാണ് പരാതി. അക്രമത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടം തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു ഇവര്‍. സ്ത്രീകളില്‍ ഒരാള്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. ഇരയുടെ സഹോദരന്‍ അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്തെന്ന് 19 വയസ്സുകാരിയായ പെണ്‍കുട്ടി പറഞ്ഞു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണിതെന്നും പ്രചരിക്കുന്ന വീഡിയോയില്‍ വസ്തുതയുണ്ടെങ്കില്‍ കുറ്റവാളികളെ പിടികൂടി പരമാവധി ശിക്ഷ നല്‍കുമെന്നും ബിരേന്‍ സിംഗ് പറഞ്ഞു.
സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമം അപലപക്കപ്പെടേണ്ടതാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ ബിരേന്‍ സിംഗുമായി ഇക്കാര്യം സംസാരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും ഇറാനി ഉറപ്പുനല്‍കി.അതേസമയം, കഴിഞ്ഞ രണ്ട് മാസമായി നിശബ്ദത പാലിക്കുകയായിരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.