കാറുകളുടെ വര്‍ധിച്ച ജിഎസ്ടി-സെസ്സ് നിരക്ക് പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കാറുകള്‍ക്ക് ഏര്‍പ്പെടുത്താനൊരുങ്ങിയ പുതിയ ജിഎസ്ടി സെസ്സ് പ്രാബല്യത്തിലായി.

മിഡ് സൈസ് കാറുകള്‍, ആഡംബര കാറുകള്‍, എസ്‌യുവികള്‍ എന്നിവയുടെ സെസ്സാണ് ഈ മാസം 9 ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വര്‍ധിപ്പിച്ചത്.

മിഡ് സൈസ് കാറുകള്‍ക്ക് രണ്ട് ശതമാനം സെസ്സ് വര്‍ധിപ്പിച്ചതോടെ ആകെ നികുതി ഭാരം 45 ശതമാനമായും, വലിയ കാറുകളുടെ സെസ്സ് 5 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ ആകെ ജിഎസ്ടി 48 ശതമാനമായും ഉയര്‍ന്നു.

എസ്‌യുവികള്‍ക്ക് 7 ശതമാനമാണ് സെസ്സ് വര്‍ധിപ്പിച്ചത്, ഇതോടെ ആകെ നികുതി ഭാരം അമ്പത് ശതമാനമായി വര്‍ധിച്ചു.

വലിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അധിക നികുതി ഭാരം താങ്ങാന്‍ കഴിയുമെന്നതുകൊണ്ടാണ് സെസ്സ് വര്‍ധിപ്പിച്ചതെന്നായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം.

സെസ്സ് വര്‍ധിപ്പിച്ചെങ്കിലും ജിഎസ്ടിക്കു മുമ്പുള്ള കാലത്തെ നികുതി നിരക്ക് പുന:സ്ഥാപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സെസ്സ് പത്ത് ശതമാനം വര്‍ധിപ്പിക്കാമായിരുന്നെങ്കിലും അതുണ്ടായിട്ടില്ലെന്നും ഏഴ് ശതമാനം വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ചെറിയ പെട്രോള്‍-ഡീസല്‍ കാറുകള്‍, ഹൈബ്രിഡ് കാറുകള്‍, 13 പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന പാസഞ്ചര്‍ വാഹനങ്ങള്‍ എന്നിവയുടെ സെസ്സ് വര്‍ധിപ്പിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാര്‍ ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ കാര്‍ നിര്‍മ്മാതാക്കള്‍ വിവിധ മോഡലുകളുടെ വില 3 ലക്ഷം രൂപ വരെ കുറച്ചിരുന്നു.

ജൂലൈ ഒന്നിന് മുമ്പ് നിലനിന്നിരുന്ന കേന്ദ്ര-സംസ്ഥാന നികുതികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ജിഎസ്ടി നിരക്കുകള്‍ കുറവായതാണ് വില കുറയ്ക്കാന്‍ കാര്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്.

ജിഎസ്ടി നടപ്പാക്കുന്നതിനുമുമ്പ് മോട്ടോര്‍ വാഹനങ്ങള്‍ക്കുമേലുള്ള ഏറ്റവും ഉയര്‍ന്ന ആകെ നികുതി ഭാരം 52-55 ശതമാനമായിരുന്നു.

എന്നാല്‍, ജിഎസ്ടി വന്നതോടെ ഏറ്റവുമുയര്‍ന്ന ആകെ നികുതി ഭാരം 43 ശതമാനമായി കുറഞ്ഞു. ഇതാണ് ഇപ്പോള്‍ അമ്പത് ശതമാനം വരെയായി വര്‍ധിപ്പിച്ചത്.

Top