ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരക്ക് നാളെ മൊഹാലിയില്‍ തുടക്കമാകും

മൊഹാലി: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരക്ക് നാളെ മൊഹാലിയില്‍ തുടക്കമാകും. 2022ലെ ടി20 ലോകകപ്പ് സെമി ഫൈനല്‍ തോല്‍വിക്ക് ശേഷം വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യക്കായി ടി20 മത്സരം കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയും നാളത്തെ മത്സരത്തിനുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും സൂര്യകുമാര്‍ യാദവിന്റെയും അഭാവത്തില്‍ ആദ്യ മത്സരത്തില്‍ ആരൊക്കെയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്‌സര്‍ പട്ടേലാകും സ്പിന്‍ ഓള്‍ റൗണ്ടറായി ഏഴാം നമ്പറില്‍ ഇറങ്ങുക. സ്‌പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് എത്തുമ്പോള്‍ പേസര്‍മാരായി അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരും പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്.തിലക് വര്‍മ നാലാം നമ്പറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിലകിനെ കളിപ്പിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ സ്‌പെഷലിസ്റ്റ് ബാറ്ററായി നാലാം നമ്പറില്‍ കളിപ്പിക്കാനും സാധ്യതയുണ്ട്. റിങ്കു സിംഗ് ആകും അഞ്ചാം നമ്പറില്‍ ഫിനിഷര്‍ ആയി ഇറങ്ങുക. വിക്കറ്റ് കീപ്പറായി സഞ്ജുവിനെക്കാള്‍ സാധ്യത ജിതേഷ് ശര്‍മക്ക് തന്നെയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ജിതേഷ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.

രോഹിത് തിരിച്ചത്തെുമ്പോള്‍ ഓപ്പണിംഗില്‍ ആരൊക്കെ എന്നതു മുതല്‍ തുടങ്ങുന്നു ഇന്ത്യയുടെ കണ്‍ഫ്യൂഷന്‍. രോഹിത്തിനു വേണ്ടി ശുഭ്മാന്‍ ഗില്ലോ യശസ്വി ജയ്‌സ്വാളോ ഓപ്പണര്‍ സ്ഥാനത്തു നിന്ന് വഴി മാറേണ്ടിവരും. വിരാട് കോലി മൂന്നാം നമ്പറില്‍ കളിക്കുമെന്ന് ഉറപ്പായതിനാല്‍ ഗില്ലോ യശസ്വിയോ ഒരാള്‍ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനിടയുള്ളു.മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ ഇടമുണ്ടാകുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി സഞ്ജുവിനൊപ്പം ടീമിലുണ്ട്.

Top