ദില്ലി: ചൈന, പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ മെഗാ അഭ്യാസം നടത്താനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന.സെപ്തംബര്‍ 4 മുതല്‍ 11 ദിവസത്തെ മെഗാ അഭ്യാസത്തിനാണ് ഇന്ത്യന്‍ വ്യോമസേന ഒരുങ്ങുന്നത്. എല്ലാ പ്രധാന പോര്‍ വിമാനങ്ങളും, ആക്രമണ ഹെലികോപ്റ്ററുകളും മിഡ്-എയര്‍ റീഫ്യൂല്ലറുകളും തുടങ്ങിയ പ്രതിരോധ സന്നാഹങ്ങളുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഫേല്‍, സുഖോയ്-30, മിഗ്-29 എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര യുദ്ധവിമാനങ്ങളുടെ പങ്കാളിത്തം ഉണ്ടായിരിക്കും
C-17 ഹെവി-ലിഫ്റ്ററുകള്‍, ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് എയര്‍ക്രാഫ്റ്റുകള്‍, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍, ചിനൂക്ക് മള്‍ട്ടി മിഷന്‍ ചോപ്പറുകള്‍, റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ് എന്നിവയും അഭ്യാസത്തില്‍ ഉപയോഗിക്കും. വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകളും സജീവമായി പങ്കെടുക്കും.
അതിര്‍ത്തിയിലെ സംഘര്‍ഷം ഇല്ലാതാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ത്തന്നെ, IAF-ന്റെ വെസ്റ്റേണ്‍ കമാന്‍ഡ് സംഘടിപ്പിച്ച ഈ അഭ്യാസത്തിന്റെ ലക്ഷ്യം സേനയുടെ പോരാട്ട ശേഷി വിലയിരുത്തുന്നതിനും ഏത് സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും അറിയിക്കുകയാണ്. സെപ്തംബര്‍ 9 മുതല്‍ 10 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ സാഹചര്യത്തിലും ഈ അഭ്യാസം വളരെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന നിരീക്ഷണമുണ്ട്.
പതിനായിരക്കണക്കിന് സൈനികര്‍, യുദ്ധ വാഹനങ്ങള്‍, ടാങ്കുകള്‍, പീരങ്കികള്‍, മിസൈലുകള്‍, റഡാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള വലിയ അളവിലുള്ള സൈനിക ഉപകരണങ്ങള്‍ കിഴക്കന്‍ ലഡാക്കിലെ പ്രദേശങ്ങളിലേക്ക് രാജ്യത്തിന്റെ സൈനിക നില ശക്തിപ്പെടുത്തുന്നതിനായി വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് എത്തിച്ചിട്ടുണ്ടായിരുന്നു. അതേപോലെ തരംഗ് ശക്തി എന്ന പേരില്‍ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും വലിയ ബഹുരാഷ്ട്ര വ്യോമാഭ്യാസം ഒക്ടോബറില്‍ നടക്കാനിരിക്കുകയാണ്. 12 രാജ്യാന്തര വ്യോമശക്തികളുടെ സാന്നിധ്യം ഈ അഭ്യാസത്തിലുണ്ടായിരിക്കുമെന്നാണ് സൂചന.