ശ്രീനഗര്‍: പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ രജൗറി ജില്ലയിലുള്ള മഞ്ചാക്കോട്ട് സെക്ടറിലെ സ്‌കൂളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. ഷെല്ലാക്രമണം അവസാനിക്കുന്നതു വരെ സ്‌കൂളില്‍ തുടരാനാണ് വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് ഹെഡ് മാസ്റ്റര്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയിരിക്കുന്നത്. കനത്ത ഷെല്ലാക്രമണമാണ് പാക്ക് സൈന്യം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മാസത്തെ ശൈത്യകാല അവധിക്കു ശേഷം കശ്മീരിലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തുറന്നത്. ഡിസംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. കടുത്ത ശൈത്യംമൂലം നിശ്ചയിച്ചിരുന്നതിനെക്കാള്‍ 15 ദിവസം മുന്‍പ് തന്നെ ഇത്തവണ സ്‌കൂളുകള്‍ അടച്ചിരുന്നു.
കശ്മീരിലെ പൂഞ്ച്, രജൗറി ജില്ലകളിലെ നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത പ്രദേശങ്ങളില്‍ ചൊവ്വാഴ്ച ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവുമാണ് നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. രാവിലെ 8.45 മുതലാണ് വെടിവെപ്പ് തുടങ്ങിയത്. അതിര്‍ത്തിയിലൂടെ തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരം ഒരുക്കുന്നതിനായാണ് പാക്ക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തുന്നതെന്ന് സൈന്യം അറിയിച്ചു.