ചിത്രയെ ഉള്‍പ്പെടുത്താനുള്ള സമയപരിധി കഴിഞ്ഞെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍

കൊച്ചി: പി യു ചിത്രക്ക് ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനാകില്ലെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍.

ഹൈക്കോടതി വിധി തങ്ങളുടെ വാദം കേള്‍ക്കാതെയാണ്. ലോക അത്‌ലറ്റിക് മീറ്റ് എന്‍ട്രിക്കുള്ള സമയപരിധി കഴിഞ്ഞു. ഇക്കാര്യങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കുമെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി.

ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.

യോഗ്യത നേടിയിട്ടും സാധ്യതാപട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടിക്കെതിരേ ചിത്ര നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.

ചിത്രയുടെ മത്സര ഇനമായ 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെയും അത്‌ലറ്റിക് ഫെഡറേഷന്റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ഇക്കാര്യത്തില്‍ തിങ്കളാഴ്ച കോടതി വിശദമായ വാദം കേള്‍ക്കും.

എന്നാല്‍ ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര സ്ഥാനമാണ്, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് കഴിയില്ലന്നും കേന്ദ്രം അറിയിച്ചു.

ഫെഡറേഷന്റെ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ വിശദാംശങ്ങളും ഹാജരാക്കി വിശദീകരണം നല്‍കണമെന്ന് കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.

പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്രയെ മത്സരത്തിന് അയക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.

Top