മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ജൂലൈ 13 മുതല്‍ 25 വരെ നടക്കും. ടീമിനെ ഈ മാസം പതിനഞ്ചിന് പ്രഖ്യാപിച്ചേക്കും. ഇന്ത്യയുടെ ഒന്നാംനിര ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര കളിക്കുന്നതിനാല്‍ യുവനിരയാകും ശ്രീലങ്കയിലേക്ക് പോവുക.
മൂന്ന് വീതം ഏകദിന, ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ശിഖര്‍ ധവാന്‍ നായകന്‍ ആവാനാണ് സാധ്യത. ഹര്‍ദിക് പാണ്ഡ്യക്കും പരിക്ക് മാറി തിരിച്ചെത്തുന്ന ശ്രേയസ് അയ്യര്‍ക്കും ചിലപ്പോള്‍ നറുക്ക് വീഴാം.
ജൂലൈ 13, 16, 18 തീയതികളില്‍ ഏകദിന മത്സരങ്ങള്‍,പിന്നാലെ 21, 23, 25 തീയതികളില്‍ ട്വന്റി 20 പോരാട്ടം എന്നിങ്ങനെയാണ് മത്സരക്രമം. ഇംഗ്ലണ്ട്പര്യടനത്തിലുള്ള ഒരാളും ലങ്കയിലേക്ക് വരില്ല എന്നതിനാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ഉള്ള യുവതാരങ്ങളെ കളത്തില്‍ കാണാം.
രാഹുല്‍ ദ്രാവിഡിനാകും പരിശീലന ചുമതല. മല്‍സര വേദികള്‍ പിന്നീട് പ്രഖ്യാപിക്കും. വിരാട് കോലി നയിക്കുന്ന സീനിയര്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ഫൈനലിനായി ഇംഗ്ലണ്ടിലാണുള്ളത്.
സതാംപ്ടണില്‍ ജൂണ്‍ 18നാണ് കലാശപ്പോര് തുടങ്ങുന്നത്. ഇതിന് ശേഷം ഓഗസ്റ്റ് നാലിന്ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര തുടങ്ങും. ട്രെന്‍ഡ് ബ്രിഡ്ജില്‍ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ഇരു മത്സരങ്ങള്‍ക്കും ഇടയിലുള്ള സമയം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ചെലവഴിക്കും.