കൊച്ചി: ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി പ്രവാസികളെ തിരികെ എത്തിക്കുന്നതിന് മാലിദ്വീപിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ രണ്ടാമത്തെ കപ്പല്‍ ഇന്ന് കേരളതീരത്തടുക്കും. പതിനേഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 202 യാത്രാക്കാരുമായാണ് മാലിദ്വീപില്‍ നിന്നു ഐഎന്‍എസ് മഗര്‍ ഏഴു മണിക്ക് കൊച്ചി തുറമുഖത്തെത്തുന്നത്.
യാത്രക്കാരില്‍ 24 സ്ത്രീകളാണ്. ഗര്‍ഭിണികളും ചികിത്സയിലുളളവരുമായി 18 പേരും മൂന്നു കുട്ടികളും സംഘത്തിലുണ്ട്. യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണ്, 93 പേര്‍. തമിഴ്‌നാട്ടില്‍ നിന്നുളള 81 പേരും സംഘത്തിലുണ്ട്. വൈകിട്ട് എഴു മണിക്കാണ് ഇവര്‍ കൊച്ചിയിലെത്തുന്നത്.
കൊച്ചിയിലെത്തുന്നവരെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. ബാക്കിയുള്ളവരെ വീടുകളിലേക്കും നിരീക്ഷണ കേന്ദ്രത്തിലേക്കും എത്തിക്കാനായി ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടുകാര്‍ക്കായി ഇത്തവണയും ബസുകളെത്തും.
അതേസമയം, സംസ്ഥാനത്തേക്ക് മൂന്നു വിമാനങ്ങളിലും ഇന്ന് പ്രവാസികളെത്തും. പ്രവാസികളുമായി ദുബായില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം വൈകിട്ട് ഏഴു മണിക്ക് എത്തും. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പുലര്‍ച്ചെ 12.40നാണ് എത്തുക. സിംഗപ്പൂരില്‍ നിന്നുളള വിമാനം ബംഗളൂരുവില്‍ ഇറങ്ങിയ ശേഷം 10.50ന് കൊച്ചിയിലെത്തും. 177 യാത്രക്കാര്‍ വീതമാണ് ഓരോ വിമാനത്തിലും ഉണ്ടാകുക.