ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചും, നായകന്‍ വിരാട് കൊഹ്‌ലിയെ പുകഴ്ത്തിയും മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ടീം വിരാട് കൊഹ്‌ലിയുടെ പ്രകടനത്തെ അമിതമായി ആശ്രയിക്കുകയാണെന്നും, കൊഹ്‌ലിക്ക് എക്കാലവും ഇന്ത്യന്‍ ടീമിനെ ഒറ്റയ്ക്കു താങ്ങാന്‍ കഴിയില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
നിങ്ങള്‍ അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം കളിക്കുന്നു. എന്നിട്ടും ഒരു ബാറ്റ്‌സ്മാനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ സംജാതമാകുകയാണ്. വിരാട് കൊഹ്‌ലി സെഞ്ചുറികള്‍ നേടിത്തരും. പക്ഷേ, എല്ലാ തവണയും അദ്ദേഹത്തിന് അതു ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ലെന്നും,അദ്ദേഹം മനുഷ്യനാണെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ 60 റണ്‍സിനാണു തോല്‍വി വഴങ്ങിയത്. 245 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 184 റണ്‍സിന് എല്ലാവരും പുറത്തായി. കൊഹ്‌ലി(58), രഹാനെ(51) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യയ്ക്കായി രണ്ടാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത്. നാലു ടെസ്റ്റുകളില്‍നിന്ന് 68 റണ്‍സ് ശരാശരിയില്‍ 544 റണ്‍സ് നേടിയ കൊഹ്‌ലിയാണ് പരമ്പരയിലെ ടോപ് സ്‌കോറര്‍.