ദുബായ്: അവസരം വരികയാണെങ്കില്‍ ഇന്ത്യന്‍ ടീമിനെ മുഴുവന്‍ സമയവും നയിക്കാന്‍ തയ്യാറണെന്നും രോഹിത് ശര്‍മ്മ. ഏഷ്യാകപ്പില്‍ വിരാട് കൊഹ്‌ലിയുടെ അഭാവത്തില്‍ രോഹിത്തായിരുന്നു ഇന്ത്യയെ നയിച്ചത്.
രണ്ട് ടൂര്‍ണമെന്റുകളാണ് രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ വിജയിച്ചത്. ശ്രീലങ്കയില്‍ നടന്ന നിദാഹസ് ട്രോഫിയും ഇപ്പോഴിതാ ഏഷ്യാ കപ്പിലും ഇന്ത്യ കിരീടം നേടി. മുംബൈ ഇന്ത്യന്‍സിനെ മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടിക്കുന്നതിലും രോഹിത് പ്രധാന പങ്കുവഹിച്ചു. ഏഷ്യാ കപ്പിന് ശേഷമാണ് രോഹിത് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകനായി കളിക്കുന്നതില്‍ സന്തോഷമേയുള്ളൂ. അവസരം വരുമ്പോഴെല്ലാം നായകസ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് രോഹിത് വ്യക്തമാക്കി. ഔദ്യോഗിക ക്യാപ്റ്റന്റെ അഭാവത്തില്‍ ടീമിനെ നയിക്കുകയെന്നത് വെല്ലുവിളിയാണെന്നും, എന്നാല്‍ നായകനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യമാണെന്നും രോഹിത് സൂചിപ്പിച്ചു.
പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ മറ്റുതാരങ്ങള്‍ക്ക് അവസരം വരുമെന്നും, അവര്‍ ആ അവസരം മുതലാക്കാനാണ് ശ്രമിക്കേണ്ടതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.