ദില്ലി: ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം, ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ദില്ലി വേദിയാകുന്ന രണ്ടാം ടെസ്റ്റിനായി മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേരും. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമില്‍ താരം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തെന്നും ഫിറ്റ്‌നസ് പരീക്ഷ വിജയിച്ചെന്നും ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നടുവിനേറ്റ പരിക്കിനെ തുടര്‍ന്ന് എന്‍സിഎയില്‍ ദിവസങ്ങളായി ചികില്‍സയിലും പരിശീലനത്തിലുമായിരുന്ന ശ്രേയസ് അയ്യര്‍ ഇറാനി കപ്പ് കളിച്ചാവും ഇന്ത്യന്‍ സ്ക്വാഡിലേക്ക് മടങ്ങിയെത്തുക എന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ദില്ലിയില്‍ 17-ാം തിയതിയാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ദില്ലിയില്‍ ശ്രേയസ് പ്ലേയിംഗ് ഇലവനിലെത്തിയാല്‍ സൂര്യകുമാര്‍ യാദവ് പുറത്താവും. നാഗ്‌പൂരിലെ അരങ്ങേറ്റ ടെസ്റ്റില്‍ സ്കൈക്ക് എട്ട് റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. 2022ല്‍ ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് ബാറ്ററാണ് ശ്രേയസ് അയ്യര്‍. ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയ്ക്ക് തൊട്ട് മുമ്പാണ് ശ്രേയസ് അയ്യരിന്റെ നടുവിന് പരിക്കേറ്റത്. നടുവിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ഓസീസിനെതിരായ നാഗ്‌പൂര്‍ ടെസ്റ്റില്‍ അയ്യരെ കളിപ്പിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. പേസര്‍ ജയദേവ് ഉനദ്‌കട്ടിനെ രഞ്ജി ട്രോഫി ഫൈനല്‍ പരിഗണിച്ച് നേരത്തെ രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്.