രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു

ഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. 24 ദിവസത്തിനിടെ ദില്ലിയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരുടെ എണ്ണം 70000 ല്‍ നിന്ന് 5700 ആയി കുറഞ്ഞു. ജനുവരി ആറിന് ശേഷം ആദ്യമായി ഇന്നലെ പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിന് താഴെയെത്തി.

രോഗവ്യാപനം തീവ്രമായിരുന്ന കേരളത്തില്‍ കേസുകള്‍ കുറഞ്ഞത് ആകെ വ്യാപനത്തിന്റെ തോത് കുറച്ചു. മൂന്നാം തരംഗത്തിന്റെ തീവ്രമായ ഘട്ടം കേരളം പിന്നിട്ടുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വ്യാപനം കുറഞ്ഞതോടെ ദില്ലിയും ഉത്തര്‍പ്രദേശുമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു.

കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ അസമില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. രാത്രികാല കര്‍ഫ്യൂവും, ആഘോഷങ്ങള്‍ക്കുള്ള വിലക്കും നീക്കിയതായി അസം മുഖ്യമന്ത്രി അറിയിച്ചു. മിസോറാം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒഴിവാക്കി.

 

Top