ദോഹ: സല്‍വ റോഡിനെയും മിബൈറീക് സ്ട്രീറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ ഇന്റര്‍ചേഞ്ച് തുറന്നു. സല്‍വ റോഡില്‍ അല്‍ സെയ്ലിയ, മിസൈദ് ഇന്റര്‍ചേഞ്ചുകള്‍ക്ക് ഇടയിലായി നിര്‍മിച്ച പുതിയ ഇന്റര്‍ചേഞ്ച് ആണ് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) ഗതാഗതത്തിന് തുറന്നത്. സല്‍വ റോഡില്‍ നിന്ന് മിബൈറീക്, ബു നഖ്ല, അല്‍ സെയ്ലിയ, അല്‍ മിറാദ് എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാണ് പുതിയ ഇന്റര്‍ചേഞ്ച്. മിബൈറിക്കില്‍ നിന്ന് അല്‍ സെയ്ലിയയിലേക്കുള്ള യാത്രാ സമയം 50 ശതമാനം കുറയ്ക്കുകയും ചെയ്യും.
യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം സമീപത്തെ അല്‍ സെയ്ലിയ ഇന്റര്‍ചേഞ്ചിലേക്കുള്ള ഇതര ഓപ്ഷന്‍ കൂടിയാണ് പുതിയ ഇന്റര്‍ചേഞ്ച്. ഇത് ഗതാഗത കുരുക്ക് കുറയ്ക്കാനും സഹായിക്കും. മണിക്കൂറില്‍ 8,500 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലുള്ളതാണ് പുതിയത്. സല്‍വ റോഡിന്റെ ഇരുവശങ്ങളിലും സര്‍വീസ് റോഡുകള്‍ നിര്‍മിച്ചതിലൂടെ മിബൈറീക്, അല്‍ സെയ്ലിയ ഏരിയ എന്നിവിടങ്ങളിലേക്ക് സല്‍വ റോഡ് വഴി വരുന്നവര്‍ക്ക് നേരിട്ടും വേഗത്തിലും എത്തുകയും ചെയ്യാം. ദോഹയില്‍ നിന്ന് മിബൈറീക്, അല്‍ സെയ്ലിയ ഏരിയകളിലേക്ക് പോകുന്നവര്‍, മീബൈറിക്, അല്‍ സെയ്ലിയ എന്നിവിടങ്ങളില്‍ നിന്ന് അബു നഖ്ല, മികെയ്ന്‍സ്, അല്‍ കരാന തുടങ്ങി ഖത്തറിന്റെ തെക്ക്-പടിഞ്ഞാറന്‍ ഉള്‍ റോഡുകളിലേക്കുമുള്ള യാത്ര എളുപ്പമാക്കുകയാണ് പുതിയ ഇന്റര്‍ചേഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
330 മീറ്റര്‍ നീളമുള്ള 2 പ്രധാന പാലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ 2 നിരപ്പായുള്ള ഇന്റര്‍ചേഞ്ച്. എല്ലാ വശങ്ങളിലേക്കുമുള്ള ഗതാഗതം എളുപ്പമാക്കാന്‍ നിരവധി എക്സിറ്റ് പോയിന്റുകള്‍, ലൂപ് പാലങ്ങള്‍, പുതിയ ഇന്റര്‍ചേഞ്ചുമായി ബന്ധിപ്പിച്ചുള്ള പ്രാദേശിക റോഡുകള്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്. 3 കിലോമീറ്റര്‍ നീളമുള്ള ബൈ പാസ് റോഡുകളും പ്രാദേശിക റോഡുകളും കൂടാതെ 3 കിലോമീറ്റര്‍ കാല്‍നട, സൈക്കിള്‍ പാതകളും നിര്‍മിച്ചിട്ടുണ്ട്. ഇന്റര്‍ചേഞ്ചിന്റെ രണ്ടു വശങ്ങളിലും മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കി.