സംസ്ഥാനത്തിന്റെ കായികവിഭവ ശേഷി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരള) ഇന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും. ഇന്ന് വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാര്‍, നിയമസഭ-പാര്‍ലമെന്റ് അംഗങ്ങള്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ അത്‌ലറ്റ് അശ്വിനി നാച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണ്‍, മിന്നു മണി എന്നിവര്‍ പങ്കെടുക്കും.
കായിക സമ്പദ്ഘടന, കായിക വ്യവസായം, കായികമേഖലയിലെ നിര്‍മിത ബുദ്ധി, ഇ സ്പോര്‍ട്സ്, മറ്റ് സാങ്കേതിക മുന്നേറ്റങ്ങള്‍, തനത് കായിക ഇനങ്ങളും വിനോദസഞ്ചാരവും, ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവ് തുടങ്ങിയ പരിപാടികള്‍ നടക്കും. മൂന്നാം ദിനം കായികമേഖലയുടെ സുസ്ഥിര വികസനം, ലീഗില്‍ നിന്നുമുള്ള പാഠങ്ങള്‍, കായിക മേഖലയുടെ താഴേക്കിടയിലുള്ള വികസനം, കായികമേഖലയിലെ മേന്മ, എഞ്ചിനീയറിങ്, മാനേജ്മന്റ്, ടെക്നോളജിയുടെ സ്വാധീനവും വളര്‍ച്ചയും, കായിക ആരോഗ്യവും ചികിത്സയും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടാകും. നാലാം ദിനം ഇതിഹാസ താരങ്ങളുമായുള്ള സംവാദം, കായിക അക്കാദമികള്‍, ഹൈ പെര്‍ഫോമിങ് സെന്റര്‍, മാധ്യമങ്ങളും കായികവും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടാകും.സ്റ്റാര്‍ട്ടപ്പ് പിച്ച്, ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവ്, എക്സിബിഷന്‍, ബയര്‍ – സെല്ലര്‍ മീറ്റ്, ഇ സ്പോര്‍ട്സ് ഷോക്കേസ്, സ്പോര്‍ട്സ് കമ്മ്യൂണിറ്റി നെറ്റ് വര്‍ക്കിങ്, സ്പോര്‍ട്സ് പ്രമേയമായ സിനിമകളുടെ പ്രദര്‍ശനം, ഹെല്‍ത്തി ഫുഡ് ഫെസ്റ്റിവല്‍, മോട്ടോര്‍ ഷോ തുടങ്ങിയവയാണ് അന്താരാഷ്ട്ര കായിക ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന പ്രധാന പരിപാടികള്‍.
നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയുടെ ഭാഗമായി, 13 വിഷയങ്ങളില്‍ 105 കോണ്‍ഫറന്‍സുകളും സെമിനാറുകളും, സ്പോര്‍ട്സ് എക്സ്പോ, ചലച്ചിത്രോത്സവം എന്നിവയും നടക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധരടക്കം 1000ഓളം പ്രതിനിധികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. ഉച്ചകോടിയുടെ ഭാഗമായി എല്ലാ ദിവസം വൈകുന്നേരം വിവിധ കലാപരിപാടികളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ആര്‍ച്ചറി, ഓട്ടോക്രോസ്സ്, കുതിരയോട്ട മത്സരം, ആം റെസ്റ്റിലിങ്, ഫുഡ് ഫെസ്റ്റിവല്‍ തുടങ്ങിയവയും ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.