സ്വര്‍ണക്കടത്തു കേസില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി സി.പി.എം. സംഘപരിവാര്‍ മാധ്യമ പ്രമുഖനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിച്ചതാണ് പ്രതിപക്ഷത്തിന് തിരിച്ചടിയായിരിക്കുന്നത്. ഭരണപക്ഷമാകട്ടെ ഇത് ശരിക്കും ആഘോഷിക്കുകയുമാണ്. ഈ പരിവാര്‍ മാധ്യമ പ്രവര്‍ത്തകന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള അടുപ്പവും പരസ്യമാണ്. ഇതും ഇപ്പോള്‍ സി.പി.എം സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വിവാദ ചാനല്‍ പ്രമുഖന്റെ സ്വപ്നയുമായുള്ള രണ്ട് ഫോണ്‍ കോളുകളാണ് മാധ്യമ മേഖലയിലെയും ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതും ഇതു തന്നെയാണ്.
സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ വാര്‍ത്ത വന്നു കഴിഞ്ഞ ഉടനെയായിരുന്നു വിവാദ ഫോണ്‍ കോളുകളുമുണ്ടായത്. 4 മിനുറ്റും ഒരു മിനുറ്റിനു മുകളിലും ദൈര്‍ഘ്യമുള്ളതായിരുന്നു ഈ കോളുകളെല്ലാം. വാര്‍ത്തക്കു വേണ്ടിയായിരുന്നു വിളിച്ചതെന്ന മാധ്യമ പ്രമുഖന്റെ വാദം എന്തായാലും സംശയകരം തന്നെയാണ്. കാരണം സാധാരണ ഗതിയില്‍ എഡിറ്റര്‍ പോലുള്ള തസ്തികയില്‍ ഇരിക്കുന്ന ഒരു വ്യക്തി ഇത്തരത്തില്‍ വാര്‍ത്തകള്‍ ശേഖരിക്കാന്‍ ഇറങ്ങാറില്ല. ഇനി സുപ്രധാന വിവരങ്ങള്‍ രഹസ്യമായി അറിഞ്ഞാല്‍ തന്നെ അക്കാര്യം ‘ക്രൈം’ വിഭാഗം കൈകാര്യം ചെയ്യുന്ന റിപ്പോര്‍ട്ടറെ ചുമതലപ്പെടുത്തുകയാണ് ചെയ്യാറുള്ളത്. എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും തലസ്ഥാനത്ത് ക്രൈം റിപ്പോര്‍ട്ടര്‍മാരുമുണ്ട്. ഇവിടെയാണ് പരിവാര്‍ മാധ്യമത്തിന്റെ എഡിറ്ററുടെ വാദം കസ്റ്റംസും സംശയിക്കുന്നത്. നല്ല അടുപ്പം സ്വപ്നയുമായി ഈ മാധ്യമ പ്രവര്‍ത്തകന് ഉണ്ടായിരുന്നു എന്നു തന്നെയാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. അതുകൊണ്ടു തന്നെയാണ് നോട്ടീസ് നല്‍കി ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തില്‍ അട്ടിമറി നടന്നില്ലെങ്കില്‍ ഈ മാധ്യമ പ്രവര്‍ത്തകന്‍ കുടുങ്ങുമെന്ന് തന്നെയാണ് ഇടതുപക്ഷ നേതൃത്വവും കണക്കുകൂട്ടുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ബി.ജെ.പി അനുഭാവവും സി.പി.എം ശരിക്കും പ്രചരണായുധമാക്കിയിട്ടുണ്ട്. സ്വപ്ന സുരേഷ് ബി.ജെ.പി ഭരിക്കുന്ന കര്‍ണ്ണാടകത്തിലേക്ക് കടന്നത് എന്തിനാണെന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തി കൊണ്ടു വരുന്നത്. ശിവശങ്കറിലൂടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനെ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സി.പി.എം പ്രതിരോധിക്കുന്നത്. സംഘപരിവാര്‍ ചാനല്‍ എഡിറ്റര്‍ക്കു വന്ന കസ്റ്റംസ് നോട്ടീസിന്റെ വാര്‍ത്ത മുക്കാനാണ് അണിയറയില്‍ ശ്രമം നടന്നിരിക്കുന്നതെന്ന ഗുരുതര ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. സെക്രട്ടറിയേറ്റിലെ തീപിടുത്തം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആക്ഷേപം ഇടത് അനുകൂല മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരിക്കുന്നത്. ഒരു ബക്കറ്റ് വെള്ളത്തില്‍ അണഞ്ഞ തീയുടെ പേരില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ചേര്‍ന്ന് പുകമറ സൃഷ്ടിക്കുകയാണെന്നാണ് വിമര്‍ശനം. ഇതേ ചൊല്ലിയെല്ലാം രൂക്ഷമായ സൈബര്‍ യുദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
അതേസമയം, തങ്ങള്‍ക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ലന്നും എല്ലാം കേന്ദ്ര ഏജന്‍സി കണ്ടു പിടിക്കട്ടെ എന്നതുമാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കിയ കത്തും ഭരണപക്ഷം ആയുധമാക്കുന്നുണ്ട്. മന്ത്രി കെ.ടി ജലീലിനെതിരെ ഉയര്‍ന്ന ആക്ഷേപത്തിനും അന്വേഷണ സംഘത്തിന്റെ നിലപാടാണ് സര്‍ക്കാറിപ്പോള്‍ ഉറ്റുനോക്കുന്നത്. മതിയായ തെളിവില്ലാതെ ഒരു മന്ത്രിയെയും ചോദ്യം ചെയ്യാന്‍ പോലും പറ്റില്ല. കോടതിയില്‍ ഇക്കാര്യം എത്തിയാല്‍ അന്വേഷണ സംഘമാണ് മറുപടി പറയേണ്ടി വരിക. ഇതു തന്നെയാണ് ഇടതുപക്ഷത്തിന്റെയും ധൈര്യം.
ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര ഏജന്‍സി എല്ലാം പുറത്ത് കൊണ്ടു വരട്ടെ എന്ന നിലപാടില്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നത്. രാഷ്ട്രീയ ഇടപെടല്‍ അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ മാത്രം പ്രതികരിക്കാനാണ് തീരുമാനം. കേന്ദ്ര അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പറയാന്‍ പറ്റാത്തതിനാല്‍ പ്രതിപക്ഷവും എന്‍.ഐ.എ റിപ്പോര്‍ട്ടിനായാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്. ഇതിനിടെയാണിപ്പോള്‍ പ്രതിപക്ഷത്തിന്റെ ‘കണ്ണിലുണ്ണിയായ’ മാധ്യമ പ്രമുഖനും അന്വേഷണ സംഘം മുന്‍പാകെ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷം ഒരിക്കലും ആഗ്രഹിക്കാത്ത ചോദ്യം ചെയ്യലാണിത്. അതു കൊണ്ട് തന്നെയാണ് രമേശ് ചെന്നിത്തല പോലും ഇക്കാര്യത്തില്‍ പ്രതികരിക്കാതിരിക്കുന്നത്. ദേശാഭിമാനിയുടേയോ കൈരളിയുടേയോ സാധാരണ റിപ്പോര്‍ട്ടര്‍ക്കാണ് ഈ ഗതിയെങ്കില്‍ എന്തായിരിക്കും നാട്ടിലെ അവസ്ഥ എന്നതും നാം ചിന്തിക്കുന്നത് നല്ലതാണ്.