മോദിയെ ഗുജറാത്ത് കലാപക്കേസിൽ കുടുക്കാൻ അഹമ്മദ് പട്ടേൽ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘം

അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേൽ ഗൂഢാലോചന നടത്തിയതായി പൊലീസ്. ആക്ടിവിസ്റ്റ് തീസ്ത സെതൽവാദിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആരോപണം. ആ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആളുകളെ കള്ളക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അന്വേഷണ സംഘം അടുത്തിടെ അറസ്റ്റ് ചെയ്ത രണ്ടുപേരിൽ ഒരാളാണ് സെതൽവാദ്.

കലാപത്തിന് ശേഷം സംസ്ഥാനത്തെ ബിജെപി സർക്കാരിനെ പിരിച്ചുവിടാൻ അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിർദ്ദേശപ്രകാരം സെതൽവാദ് അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്നാണ് സെഷൻസ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. കലാപം നടന്നതിന് പിന്നാലെ സെതല്‍വാദും അഹമ്മദ് പട്ടേലും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇതിനിടെ അഞ്ച് ലക്ഷം രൂപ സെതല്‍വാദിന് കൈമാറിയതായുള്ള സാക്ഷിമൊഴിയും സത്യവാങ്മൂലത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

അഹമ്മദ് പട്ടേലിന്റെ നിർദ്ദേശപ്രകാരമാണ് ഗൂഢാലോചന നടന്നതെന്ന് ഒരു സാക്ഷിയുടെ മൊഴി ഉദ്ധരിച്ചാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്കുശേഷം അഹമ്മദാബാദിലെ ഷാഹിബൗഗിലുള്ള സര്‍ക്യൂട്ട് ഹൗസില്‍വച്ച് അഹമ്മദ് പട്ടേല്‍ 25 ലക്ഷം രൂപ വീണ്ടും നൽകിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

Top