ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പ്

ബെയ്‌റൂട്ട്: ഇറാനിലെ ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പ്. ടെലഗ്രാമിലൂടെ നടത്തിയ പ്രസ്താവനയിലാണ് ഐഎസ്‌ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ജനറലായിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം സ്‌ഫോടനം നടത്തിയത് തങ്ങളാണെന്നാണ് പ്രസ്താവനയില്‍ ഐഎസ്‌ഐഎസിന്റെ ജിഹാദി വിഭാഗം അവകാശപ്പെട്ടിരിക്കുന്നത്.

ഇറാനിലെ കെര്‍മാനിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 188 പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് അടുത്തായാണ് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നത്. സുലൈമാനി കൊല്ലപ്പെട്ടതിന്റെ നാലാംവാര്‍ഷികത്തിലാണ് ഇരട്ട സ്‌ഫോടനമുണ്ടായത്. സുലൈമാനിയുടെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ഒത്തുകൂടിയവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.

ആക്രമണത്തിന് ഉത്തരവാദികളെന്ന് പറയുന്ന മുഖംമൂടി ധരിച്ച രണ്ടുപേരുടെ ചിത്രവും ജിഹാദി ഗ്രൂപ്പ് പുറത്തുവിട്ടു. ഒമര്‍ അല്‍ മുവാഹിദ്’, സെയ്ഫുള്ള അല്‍ മുജാഹിദ് എന്നിങ്ങനെയാണ് അക്രമികളുടെ പേരുകള്‍ ഐഎസ് പറഞ്ഞിരിക്കുന്നത്. ആക്രമണകാരികള്‍ ഇറാനികളാണോ വിദേശികളാണോ എന്ന് വ്യക്തമല്ല. സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ ഖാസിം സുലൈമാനിയുടെ ചിത്രങ്ങളുള്ള ബാനറുകളുമായി റോഡിലൂടെ വലിയ ജനക്കൂട്ടം ഘോഷയാത്രയില്‍ പങ്കെടുക്കുന്നത് ഇറാനിയന്‍ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഒരു സ്ഫോടനത്തെത്തുടര്‍ന്ന് ആളുകള്‍ നിലവിളിക്കുന്നതും പരിഭ്രാന്തരായി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

Top