സ്വപ്‌നയ്ക്ക് സുരക്ഷ; ഉത്തരവിനെതിരെ ജയില്‍ വകുപ്പ് ഹൈക്കോടതിയില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണി ഇല്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ജയിലില്‍ സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയെ സമീപിച്ചു.

സ്വപ്ന സുരേഷിന് ജയിലില്‍ മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ജയില്‍ വകുപ്പ് പറയുന്നു. ജയില്‍ വകുപ്പിന്റെ ഭാഗം കേള്‍ക്കാതെയാണ് എറണാകുളം സിജെഎം കോടതി ഉത്തരവിറക്കിയത്. ജയില്‍ വകുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് ഉത്തരവ് എന്നും ഹര്‍ജിയിലുണ്ട്.

ഉന്നതര്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയതിനാല്‍ തനിക്ക് ജയിലിനുള്ളില്‍ ജീവന് ഭീഷണിയുണ്ടെന്നും നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചിരുന്നത്. തുടര്‍ന്നാണ് സ്വപ്നയ്ക്ക് ജയിലില്‍ കര്‍ശന സുരക്ഷ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.

Top