വൈദികന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ജലന്ധര്‍ രൂപത

Jalandhar Bishop Franco Mulakkal

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ജലന്ധര്‍ രൂപത. ഹൃദയ സംബന്ധമായ രോഗങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഛർദ്ദിച്ച നിലയിലാണ് രാവിലെ കണ്ടെതെന്ന് ജലന്ധര്‍ രൂപത ചാന്‍സലര്‍ ഫാ.ജോസ് സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജലന്ധറിന് സമീപം ദസ്‌വയിലാണ് കണ്ടെത്തിയത്. ജലന്ധറിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

വൈദികൻ മുറി തുറക്കാതിരുന്നതിനെത്തുടർന്ന് മറ്റുള്ളവരെത്തി. പല തവണ വിളിച്ചിട്ടും തുറക്കാതിരുന്നപ്പോൾ വാതിൽ പൊളിച്ചാണ് അകത്ത് കടന്നപ്പോഴാണ്‌ മരിച്ച നിലയില്‍ ഫാ കുര്യാക്കോസ് കാട്ടുതറയെ കണ്ടെത്തിയത്. വൈദികന്‍റെ മൃതദേഹം ദസ്‍വ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

ഒക്ടോബര്‍ 16നാണ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായത്. കേരളത്തില്‍ പ്രവേശിക്കരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കേണ്ടതാണെന്നും, അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ കോടതിയില്‍ ഹാജരാകേണ്ടതുമാണെന്ന ഉപാധികളോടെയാണ് ബിഷപ്പിന് കോടതി ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ റിമാന്റ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു ഫ്രാങ്കോ ജാമ്യഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് നിലപാട് ആരായുകയും ചെയ്തിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.

Top