ലഖ്നൗ: 32 വർഷം മുമ്പത്തെ കേസിൽ 82കാരനായ റിട്ടയേഡ് റെയിൽവേ ക്ലർക്കിന് ശിക്ഷ വിധിച്ച് സിബിഐ കോടതി. 1991ൽ 100 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയും 15000 രൂപ പിഴയും വിധിച്ചത്.
പ്രായാധിക്യം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന പ്രതിയുടെ വാദം ജഡ്ജി അജയ് വിക്രം സിംഗ് നിരസിച്ചു. അങ്ങനെ ചെയ്താൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. രാം നാരായണ വർമ്മ എന്ന വ്യക്തിയാണ് പ്രതി. 32 വർഷം മുമ്പ് നടന്ന സംഭവത്തിൽ, രണ്ട് ദിവസം ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് തനിക്ക് ജാമ്യം ലഭിച്ചതെന്ന് രാം നാരായണ വർമ്മ കോടതിയെ അറിയിച്ചിരുന്നു. അതിനാൽ, ജയിൽ ശിക്ഷ ഒഴിവാക്കണമെന്നും കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ, ചെയ്ത തെറ്റിന് അന്നത്തെ രണ്ട് ദിവസ ജയിൽവാസം അപര്യാപ്തമാണെന്ന് വിലയിരുത്തിയ കോടതി ഒരു വർഷത്തേക്ക് തടവ്ശിക്ഷ വിധിക്കുകയായിരുന്നു. കൈക്കൂലി വാങ്ങിയ തുകയുടെ അളവ്, കുറ്റം ചെയ്ത രീതി, മറ്റ് ഘടകങ്ങൾ എന്നിവ പരിഗണിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.
നോർത്തേൺ റെയിൽവേയിലെ റിട്ടയേഡ് ലോക്കോ ഡ്രൈവറായ രാം കുമാർ തിവാരിയാണ് 1991ൽ സിബിഐയിൽ കേസ് രജിസ്റ്റർ ചെയ്തത്. പെൻഷൻ കാര്യത്തിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാനാണ് അദ്ദേഹം പ്രതിയെ സമീപിച്ചത്. സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലിയായി 150 രൂപ പ്രതി ആവശ്യപ്പെട്ടു. പിന്നീടത് 100 ആയി കുറച്ചു. കൈക്കൂലി വാങ്ങുമ്പോഴാണ് പ്രതി രാം നാരായണ വർമ്മയെ സിബിഐ പിടികൂടിയത്. അന്വേഷണം പൂർത്തിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. 2022 നവംബർ 30നാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.