ലണ്ടന്‍ : ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാട്‌ലിനെ വിമര്‍ശിച്ച് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ തലവന്‍ സെബാസ്റ്റിയന്‍ കോ.
മരുന്നടിച്ചതിന് രണ്ടു തവണ വിലക്ക് നേരിട്ട ഒരാള്‍ ലോക അത്‌ലറ്റിക്‌സിലെ മികച്ച നേട്ടങ്ങളിലൊന്ന് സ്വന്തമാക്കുക അവിശ്വസനീയമാണ്. എന്നാൽ ഈ വിജയത്തിന് അയാൾ അർഹനാണെന്നും ഗാട്‌ലിന്റെ പ്രകടനത്തെ സ്തുതിക്കാന്‍ എനിക്കാകില്ല എന്നും സെബാസ്റ്റിയന്‍ കോ പറഞ്ഞു.
മത്സരത്തില്‍ ബോള്‍ട്ട് ജയിക്കുന്നതായിരുന്നു നീതിയെന്നും ഈ തോല്‍വി അംഗീകരിക്കാന്‍ ബോള്‍ട്ടിന് ഏറെ സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിഹാസതാരമായ ഉസൈന്‍ ബോള്‍ട്ടിന്റെ കരിയറിലെ അവസാന മത്സരമായിരുന്നു ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേത്.
അപ്രീതീക്ഷിതമായി അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാട്‌ലിന്‍ കുതിച്ചെത്തുകയായിരുന്നു. പക്ഷെ സ്വർണ്ണമെഡൽ സ്വന്തമാക്കിയ ലോക ജേതാവിനെ കാണികള്‍ കൂക്കുവിളികളോടെയാണ് എതിരേറ്റത്.
ഉത്തേജക മരുന്നിന്റെ പേരില്‍ 2006 മുതല്‍ നാലു വര്‍ഷം വിലക്കു നേരിട്ട ശേഷമാണ് ഗാട്‌ലിന്‍ ട്രാക്കിലേക്ക് മടങ്ങിവന്നത്.