വീരപ്പന്റെ വനമേഖലയെ ടൂറിസ്റ്റ് സ്പോട്ട് ആക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: വീരപ്പനെ പിടികൂടാന്‍ സര്‍ക്കാര്‍ മുടക്കിയ കോടികള്‍ വീരപ്പനിലൂടെ തന്നെ തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഇതിനായി വീരപ്പന്‍ കഴിഞ്ഞിരുന്ന വനമേഖലയെ ടൂറിസ്റ്റ് സ്പോട്ട് ആക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വീരപ്പന്റെ താവളമായിരുന്ന ഗോപിനാഥം വനമേഖലയില്‍ സഫാരി തുടങ്ങാനും വനംവകുപ്പ് ആലോചിക്കുന്നുണ്ട്.

വീരപ്പന്റെ മരണത്തിന് ശേഷം കര്‍ണാടക തമിഴ്നാട് അതിര്‍ത്തിയിലെ ഈ ഗ്രാമങ്ങളിലേക്ക് ആരും പോയിരുന്നില്ല. പൊലീസിന്റെയും എസ്ടിഎഫിന്റെയും പീഡനം മൂലം ഗ്രാമത്തിലുള്ളവരും നാടു വിട്ട് പോയിരുന്നു. ഭീതിയോടൊപ്പം വലിയ കൗതുകം കൂടി ഈ പ്രദേശത്തോട് ജനങ്ങള്‍ക്കുണ്ടായിരുന്നു.

കര്‍ണ്ണാടക സര്‍ക്കാരിന്റെ ജംഗിള്‍ ലോഡ്ജ് ആന്‍ഡ് റിസോര്‍ട്സിന്റെ ഒരു മിസ്റ്ററി ട്രയല്‍സ് ക്യാമ്പ് നിലവില്‍ പ്രദേശത്തുണ്ട്. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മാത്രമേ പാതകളിലൂടെ സഞ്ചരിക്കാന്‍ അനുവാദമുള്ളൂ, അതേസമയം പ്രദേശങ്ങള്‍ പരിശോധിക്കുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് വിലക്കുണ്ട്. ഈ പ്രദേശത്ത് പൊതുജനങ്ങള്‍ക്ക് സഫാരി ആസ്വദിക്കാന്‍ അനുമതി നല്‍കാനാണ് വനംവകുപ്പ് ആലോചിക്കുന്നത്.

Top