ഡല്‍ഹി: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമായി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ സംഘ്പരിവാര്‍ മാറ്റുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സംഘ്പരിവാര്‍ ജനങ്ങളെ അര്‍ധസത്യങ്ങള്‍ ഉപയോഗിച്ച് ഭിന്നിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.
‘കശ്മീര്‍ പണ്ഡിറ്റുകള്‍ ഏറെ ദുരിതങ്ങള്‍ നേരിട്ടിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഒരു ഇന്ത്യക്കാരനും അനുഭവിക്കാന്‍ പാടില്ലാത്ത ദുരിതങ്ങളാണത്. അവര്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, അതുമാത്രമല്ല അവിടെ സംഭവിച്ചിട്ടുള്ളത്. മറ്റു ചിലത് കൂടിയുണ്ട്’ -ബൃന്ദ പറഞ്ഞു.
‘ഭീകരര്‍ അവരെ എതിര്‍ക്കുന്ന ആരെയും ആക്രമിച്ചിട്ടുണ്ട്. എത്രയോ മുസ്‌ലിം നേതാക്കളെ അവര്‍ കൊന്നു തള്ളിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ സ്പീക്കറും എം.എല്‍.എമാരും ഭീകരരുടെ കശാപ്പിനിരയായിട്ടുണ്ട്.’ -ബൃന്ദ തുടര്‍ന്നു.
താഴ്വരയിലെ വലിയൊരു വിഭാഗം മുസ്‌ലിംകള്‍ പണ്ഡിറ്റുകളോടൊപ്പമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഭീകരതയുടെ നാളുകളില്‍ എതിര്‍പ്പുയര്‍ത്തുന്നവരൊക്കെയും ദുരിതങ്ങളും അക്രമവും നേരിട്ടുണ്ട്. മുസ്‌ലിംകളും അതില്‍ ഉള്‍പ്പെടും. എന്നാല്‍, ആ സഹനങ്ങളും ഐക്യവുമൊന്നും കശ്മീര്‍ ഫയല്‍സെന്ന ചിത്രത്തില്‍ കാണാനേ ഇല്ലെന്നും ബൃന്ദ പറഞ്ഞു.
മാര്‍ച്ച് 11 നാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തിയത്.ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ ചിത്രത്തിന് നികുതി ഇളവ് നല്‍കുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സിനിമ കാണാന്‍ പ്രത്യേക അവധി അനുവദിക്കുകയും ചെയ്തിരുന്നു.