കേരള പൊലീസിന്റെ മിടുക്ക് വ്യക്തം, രാജ്യത്തിന് മാതൃകയായി സൈബർ ഡോം

രാജ്യത്തെ നമ്പര്‍ വണ്‍ പൊലീസ് സേനയാണ് കേരള പൊലീസ്.

അത് ക്രമസമാധാന പാലനത്തിലായാലും കുറ്റകൃത്യങ്ങള്‍ കണ്ടു പിടിക്കുന്ന കാര്യത്തിലായാലും അങ്ങനെ തന്നെയാണ്.

ഇന്റര്‍നെറ്റിന്റെ പുതിയ കാലത്ത് കുറ്റകൃത്യങ്ങള്‍ നേരിടാന്‍ ശക്തമായ സൈബര്‍ വിഭാഗമാണ് കേരള പൊലീസിനുള്ളത്. സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനം ഇതിനകം തന്നെ രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിലടക്കം നിരവധി പുരസ്‌ക്കാരങ്ങളാണ് സൈബര്‍ ഡോമിനെ തേടി ഇതിനകം എത്തിയിരിക്കുന്നത്.

തന്ത്രശാലികളും ‘വിദഗ്ദരുമായ’ നിരവധി സൈബര്‍ ക്രിമിനലുകളാണ് സൈബര്‍ ഡോമിന്റെ വലയിലിപ്പോള്‍ വീണുകൊണ്ടിരിക്കുന്നത്. അസാധ്യം എന്ന് പറയുന്നതിനെ സാധ്യമാക്കി കാണിക്കുന്നവരാണ് ടീം സൈബര്‍ ഡോം. ഇതിന് നേതൃത്വം കൊടുക്കുന്നതാകട്ടെ എ.ഡി.ജി.പി മനോജ് എബ്രഹാമാണ്.

ഈ കൊറോണക്കാലത്തും മറ്റൊരു നടപടിയിലൂടെ പ്രശംസ പിടിച്ച് പറ്റിയിരിക്കുകയാണിപ്പോള്‍ സൈബര്‍ ഡോം.

പല ഹണ്ടിനെ കുറിച്ചും നാം കേട്ടിട്ടുണ്ടാകും, എന്നാല്‍ ഓപ്പറേഷന്‍ പി. ഹണ്ട് ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. കേരള പൊലീസിന്റെ സൈബര്‍ ഡോം കുറ്റവാളികള്‍ക്കായി ഒരുക്കിയ സൂപ്പര്‍ കെണിയാണിത്. ഒറ്റ ദിവസം കൊണ്ട് 47 പേരെയാണിപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇത് ഇനിയും വര്‍ധിക്കാനാണ് സാധ്യത’. രജിസ്റ്റര്‍ ചെയ്ത കേസിന്റെ എണ്ണമാകട്ടെ 89 ആണ്.

കുട്ടികളെ ചൂഷണം ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനും പ്രതികരിച്ചതിനുമാണ് ഈ മിന്നല്‍ നടപടി. ഐപി വിലാസങ്ങളിലൂടെ കണ്ടെത്തിയ കേരളത്തിലെ 117 ഇടങ്ങളില്‍ ജൂണ്‍ 27ന് രാവിലെ ഒരേ സമയത്തായിരുന്നു പി ഹണ്ട് റെയ്ഡ് നടത്തിയിരുന്നത്.

ഇപ്പോള്‍ പിടിയിലായ 47 പേരില്‍നിന്നു പിടിച്ചെടുത്ത 143 ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഏറെയും സൂക്ഷിച്ചിരുന്നത് 6 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ്.

സംസ്ഥാനത്തെ 2 ലക്ഷത്തിലേറെ വാട്‌സാപ് ഗ്രൂപ്പുകളും മുപ്പതിനായിരത്തിലേറെ ടെലിഗ്രാം ഗ്രൂപ്പുകളും നിലവില്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഫെയ്‌സ്ബുക്, വാട്‌സാപ്, ടിക് ടോക്, ടെലിഗ്രാം തുടങ്ങി 11 സമൂഹമാധ്യമങ്ങളും ഇത്തരത്തില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്.

ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളുടെ പഠനം മുതല്‍, ബാങ്കിങ്, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയവര്‍ക്കായുമെല്ലാം ഇന്റര്‍നെറ്റ് ഉപയോഗം വളരെ കുടുതലാണ്.ഇത് ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും വലിയ വര്‍ദ്ധനവിനാണ് കാരണമായിരുന്നത്.

ഡാര്‍ക്‌നെറ്റ് ചാറ്റ് റൂമുകള്‍ക്കു പുറമേ വാട്‌സാപ്പിലും ടെലിഗ്രാമിലും ഇത്തരം ഗ്രൂപ്പുകള്‍ ഇക്കാലയളവില്‍ പെരുകിയിട്ടുണ്ട്.

വെബ്ക്യാം ദൃശ്യങ്ങള്‍ ഇരയുടെ അറിവുകൂടാതെ പകര്‍ത്താന്‍ കഴിയുന്ന കംപ്യൂട്ടര്‍ പ്രോഗ്രാമുകളും പലരും ഉപയോഗിച്ചു വരുന്നുണ്ട്.

ഇക്കാര്യം സസൂഷ്മം നിരീക്ഷച്ച സൈബര്‍ ഡോമിന് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ഓപ്പറേഷന്‍ പി. ഹണ്ട് നടത്താന്‍ തീരുമാനമായിരുന്നത്.

ഡി.ജി.പി ലോകനാഥ് ബഹ്‌റയും എ.ഡി.ജി.പി മനോജ് എബ്രഹാമും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നായിരുന്നു ആക്ഷന്‍ ‘പ്ലാന്‍’ ചെയ്തിരുന്നത്.

ജില്ലാ പൊലീസ് ചീഫുമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് 14 ജില്ലകളിലും റെയ്ഡ് നടത്തിയത്. ഇത് ക്രൈംബ്രാഞ്ച് ഐജിയും മോണിറ്റര്‍ ചെയ്തിരുന്നു. റെയ്ഡില്‍ ഷാഡോ ടീമും പ്രത്യേകം ട്രയിനിങ് ലഭിച്ച സൈബര്‍ ടീമും സജീവമായി പങ്കെടുത്തിട്ടുണ്ട്.

റെയ്ഡില്‍ 143ഓളം മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, ലാപ് ടോപ്പുകള്‍ കമ്പ്യൂട്ടറുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 6 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ പിടിച്ചെടുത്തിട്ടുള്ളത്. അറസ്റ്റിലായവരില്‍ ഡോക്ടറും നല്ല പ്രൊഫഷണല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വരെ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബര്‍ഡോം അധികൃതര്‍ അന്വേഷിച്ച് വരികയാണ്. വിവിധ ഗ്രൂപ്പുകളിലൂടെ ഇവ പ്രചരിപ്പിച്ചതിന് 92ല്‍ അധികം ഗ്രൂപ്പ് അഡ്മിന്‍മാരെയും നിരീക്ഷിക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാണ് കേരളാ പൊലീസിന്റെ ‘ഓപ്പറേഷന്‍ പി ഹണ്ട് ‘. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുതല്‍ ഐ.ടി ഹബ്ബായി അറിയപ്പെടുന്ന സംസ്ഥാനങ്ങളില്‍ വരെ കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക ചൂഷണം വ്യാപകമാണ്. ‘മുളയിലേ നുള്ളി കളയേണ്ട’ പ്രവര്‍ത്തിയാണിത്. കേരള പൊലീസ് സൈബര്‍ ഡോം ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നതും ഈ പ്രതിരോധ പ്രവര്‍ത്തനമാണ്. തീര്‍ച്ചയായും അഭിനന്ദിക്കപ്പെടേണ്ട കാര്യമാണിത്.

Express View

Top