പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കേരള സ്റ്റോറി’. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നത്. പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത് ചിത്രം ആദ്യ ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇപ്പോഴിതാ ഇതുവരെ കേരള സ്റ്റോറി നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് ഇരുപത് ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ 200 കോടി ക്ലബ്ബിൽ കേരള സ്റ്റോറി ഇടം പിടിച്ചിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
#TheKeralaStory [Week 3] Fri 6.60 cr, Sat 9.15 cr, Sun 11.50 cr, Mon 4.50 cr, Tue 3.50 cr. Total: ₹ 206.97 cr. #India biz. Nett BOC. #Boxoffice pic.twitter.com/sM2gc1vAsc
— taran adarsh (@taran_adarsh) May 24, 2023
മൂന്നാം വാരത്തിൽ വെള്ളി 6.60 കോടി, ശനി 9.15 കോടി, ഞായർ 11.50 കോടി, തിങ്കൾ 4.50 കോടി, ചൊവ്വ 3.50 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം 206 കോടിയാണ് ചിത്രം നേടിയത്. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. മെയ് 14ന് നൂറ് കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്.