കോഴിക്കോട് : കേരള വോളിബോള്‍ അസോസിയേഷനില്‍ വ്യാപക ക്രമക്കേടെന്ന ആരോപണത്തെ ചൊല്ലി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജീവന്‍ രാജിവെച്ചു. കോഴിക്കോട് നടന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വന്‍ ക്രമക്കേട് നടന്നതായാണ് ആരോപണം.
അതേ സമയം സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വൈസ് പ്രസിഡണ്ടിനെ പുറത്താക്കുകയായിരുന്നു എന്നാണ് വോളിബോള്‍ അസോസിയേഷന്റെ നിലപാട്.
കോഴിക്കോട് നടന്ന 66ാമത് ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ തന്നെ അസോസിയേഷനില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടിരുന്നു. മത്സരത്തിന്റെ വരവ് ചെലവ് കണക്കുകളെ ചൊല്ലി കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ അംഗങ്ങള്‍ ചേരി തിരിഞ്ഞ് ബഹളം വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി രാജീവന്‍ രാജിവെച്ചത്.
കോഴിക്കോട് നടന്ന വോളി ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് തുടക്കം മുതലേ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ചാമ്പ്യന്‍ഷിപ്പല്‍ ഒമ്പതര ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നാണ് അസോസിയേഷല്‍ നല്കിയ വിശദീകരണം. സംസ്ഥാന സര്‍ക്കാരും സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.