സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡ് പ്രവര്‍ത്തനം വെള്ളിയാഴ്ച അവസാനിക്കും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ മേഖലയില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലികക്കാര്‍ക്കുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയത് തിരിച്ചടിയാകുന്നു. ഇതോടെ കൊവിഡ് ബ്രിഗേഡില്‍ അംഗങ്ങളായ 20000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

ദേശീയ ആരോഗ്യ മിഷന്‍ വഴിയാണ് ഫണ്ട് വിതരണം ചെയ്തിരുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരടക്കമുള്ള പ്രതിരോധ പ്രവര്‍ത്തകര്‍ക്കാണ് ജോലി നഷ്ടമാകുക. ഒക്ടോബര്‍ മുതല്‍ ഫണ്ട് നല്‍കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നവംബര്‍ വരെ ഇവരെ പിരിച്ചുവിടരുതെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അടുത്ത മാസത്തെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയേക്കും.

മൂന്നാം തരംഗ സാധ്യത ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇവരെ പിരിച്ചുവിടാവൂ എന്നും അല്ലെങ്കില്‍ സിഎഫ്എല്‍ടിസി അടക്കമുള്ളവയുടെ പ്രവര്‍ത്തനം താളം തെറ്റുമെന്നുമാണ് കെജിഎംഒ മുന്നറിയിപ്പ് നല്‍കിയത്. റെയില്‍വേ സ്‌റ്റേഷന്‍, അതിര്‍ത്തി ചെക് പോസ്റ്റുകള്‍, ഡിഎംഒ ഓഫിസിലെ ഡാറ്റ എന്‍ട്രി തുടങ്ങിയ ജോലികളെല്ലാം കൈകാര്യം ചെയ്തത് ഇവരായിരുന്നു. ഇവരെ പിരിച്ചുവിട്ടാല്‍ ഇത്തരം ജോലികളിലെല്ലാം താമസം വരുമെന്നതാണ് ആശങ്ക.

Top