നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാന സിംഹവും ചത്തു

തിരുവനന്തപുരം: കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാന സിംഹമായ ബിന്ദുവും ചത്തു. ഇന്നു രാവിലെയാണ് 21 വയസ്സുള്ള ബിന്ദു എന്ന പെണ്‍ സിംഹം ചത്തത്. കുറേ കാലമായി ബിന്ദുവിന്റെ ആരോഗ്യ നില മോശമായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയോടെ കൂടുതല്‍ ഗുരുതരമായി. ഇതോടെ ട്രീറ്റ്‌മെന്റ് കേജില്‍ ചികിത്സിച്ചുവരികയായിരുന്നു.

ഇന്നു പുലര്‍ച്ചെയോടെയാണ് ബിന്ദു വിടവാങ്ങിയത്. രണ്ടായിരത്തില്‍ പാര്‍ക്കില്‍ ജനിച്ച് വളര്‍ന്ന പെണ്‍സിംഹമാണ് ബിന്ദു. പിന്നീട് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബിന്ദുവിന്റെ മൃതശരീരം പാര്‍ക്കില്‍ തന്നെ മറവു ചെയ്തു. 1984 ല്‍ നാല് സിംഹങ്ങളുമായിട്ടായിരുന്നു നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്കിന്റെ തുടക്കം.

16 സിംഹങ്ങള്‍ വരെ പാര്‍ക്കിലുണ്ടായിരുന്നു. വര്‍ധനവ് കാരണം 2005ല്‍ സിംഹങ്ങളില്‍ വന്ധ്യംകരണം നടത്തിയതോടെ പാര്‍ക്കിന്റെ നാശവും ആരംഭിച്ചു. സിംഹങ്ങള്‍ ചത്തൊടുങ്ങി 2018 അവസാനത്തോടെ ബിന്ദു മാത്രമായി. പ്രായാധിക്യം മൂലമാണ് ബിന്ദു ചത്തതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top