ഈ വര്‍ഷത്തെ അവസാന ഭാഗിക ചന്ദ്രഗ്രഹണം ഇന്ന് രാത്രി സൗദിയില്‍ ദൃശ്യമാകും

റിയാദ്: ഈ വര്‍ഷത്തെ അവസാന ഭാഗിക ചന്ദ്രഗ്രഹണം ഇന്ന് രാത്രി സൗദിയില്‍ ദൃശ്യമാകും. രാജ്യത്ത് എല്ലായിടത്തുമുള്ളവര്‍ക്കും രാത്രിയില്‍ ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റിയാണ് ഈ കാര്യം അറിയിച്ചത്.

സൗദിക്കൊപ്പം അറബ് രാജ്യങ്ങള്‍, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണത്തിന്റെ എല്ലാ ഘട്ടങ്ങളും ദൃശ്യമാകും. സൂര്യഗ്രഹണത്തില്‍ നിന്ന് വ്യത്യസ്തമായി സുരക്ഷാ മുന്‍കരുതലുകള്‍ ആവശ്യമില്ലാതെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് ചന്ദ്രഗ്രഹണം കാണാനാകും.

സൗദി സമയം രാത്രി 10.35നും 11.52നും ഇടയില്‍ ഒരു മണിക്കൂറും 17 മിനിറ്റുമാണ് ഭാഗിക ഗ്രഹണം നീണ്ടുനില്‍ക്കുക. രാത്രി 10.35ന് ചന്ദ്രന്‍ ഭൂമിയുടെ നിഴലിലേക്ക് കടക്കുന്നതോടെ ഗ്രഹണം സൗദിയുടെ എല്ലാ ഭാഗത്തു നിന്നും ദൃശ്യമാകുമെന്ന് സൊസൈറ്റി പ്രസിഡന്റ് മാജിദ് അബു സഹ്റ പറഞ്ഞു.

Top