ഡല്‍ഹി :ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും കാണാതായ യൂസി ബ്രൗസര്‍ തിരികെയെത്തി.
യൂസിവെബിന്റെ പുതിയ പതിപ്പാണ് ഗൂഗിള്‍ പ്ലേസ്റ്റോറിലെത്തിയത്.
സുരക്ഷാ പ്രശ്‌നങ്ങളാണ് ആപ്ലിക്കേഷനെ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ കമ്പനി നിക്ഷേധിക്കുകയായിരുന്നു.
യൂസി ബ്രൗസറിലെ ഒരു സെറ്റിങ് ഗൂഗിളിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായതുകൊണ്ടാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നും റിപ്പോര്‍ട്ട് വന്നതുപോലെ കാരണം സുരക്ഷാ പ്രശ്‌നങ്ങളല്ലെന്നും യൂസി വെബ് വക്താവ് പ്രതികരിച്ചിരുന്നു.
ഗൂഗിളിന്റെ ശക്തമായ നിബന്ധനകള്‍ക്കനുസരിച്ചുള്ള സാങ്കേതിക മാറ്റങ്ങളുമായാണ് യുസി ബ്രൗസറിന്റെ പുതിയ പതിപ്പ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ എത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണുകളിലെ ഉപയോഗത്തില്‍ ഗൂഗിള്‍ ക്രോമിന് ശേഷം ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ആപ്ലിക്കേഷനാണ് യൂസി ബ്രൗസര്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.