ലാവലിന്‍;പിണറായിക്കെതിരെ പിടിമുറുക്കി സി.ബി.ഐ, വിചാരണ നേരിടണമെന്ന് . . .

pinarayi vijayan

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കി സിബിഐ. സുപ്രീംകോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. പിണറായി അറിയാതെ ലാവലിന്‍ കരാറില്‍ മാറ്റങ്ങളൊന്നും വരില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാറിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് സി.ബി.ഐ നീണ്ട ‘ഇടവേള’ക്കു ശേഷം സത്യാവാങ് മൂലം സമര്‍പ്പിക്കാന്‍ തയ്യാറായതെന്നാണ് സൂചന.

ഇക്കാര്യത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കേന്ദ്രത്തില്‍ ഭരണമുണ്ടായിട്ടും കടുത്ത രാഷ്ട്രീയ പ്രതിയോഗിക്കെതിരെ എന്തുകൊണ്ട് സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകുന്നു എന്നത് സംഘ പരിവാര്‍ അണികളില്‍ നിന്നുവരെ ചോദ്യമുയര്‍ന്നിരുന്നു. പിണറായി വിജയനെ വിചാരണ നേരിടും മുന്‍പ് തന്നെ ഒഴിവാക്കിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലാടാണ് സി.ബി.ഐ സ്വീകരിച്ചിരിക്കുന്നത്.

പ്രതി പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവ്‌ലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും ഇവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കുമെന്നും ചില വ്യക്തികളെ ലാവലിന്‍ കേസില്‍ തിരഞ്ഞ് പിടിച്ച് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന ഹൈക്കോടതി വാദം തെറ്റ് ആണെന്നും സിബിഐ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവലിന്‍ കേസ്. എന്നാല്‍, പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

Top