സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയില്‍ പരാതി നൽകി അഭിഭാഷകൻ

രണഘടനയെ അവഹേളിച്ച് പ്രസംഗിച്ച മുൻമന്ത്രി സജി ചെറിയാൻ എംഎല്‍എയെ കുറ്റവിമുക്തനാക്കി നൽകിയ പൊലീസ് റിപ്പോര്‍ട്ട് തള്ളി അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതിയിൽ ഹർജി. അഡ്വ ബിജു നോയൽ ആണ് ഹർജി നൽകിയത്. അന്വേഷണം സിബിഐയ്ക്കോ കേരളത്തിന് പുറത്തുള്ള കർണ്ണാടക പൊലീസിനോ കൈമാറണം എന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ നിരവധി സാക്ഷികളുണ്ടായിട്ടും അത് കൃത്യമായി രേഖപ്പെടുത്താതെ സജി ചെറിയാനെ സംരക്ഷിക്കാനുള്ള റിപ്പോർട്ടാണ് പൊലീസ് കോടതിയ്ക്ക് കൈമാറിയതെന്നാണ് ഹർജിയിൽ പറയുന്നത്.

2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ എം.എൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണ്. ഭരണഘടനയെയോ ഭരണഘടനാ ശിൽപ്പികളെയോ അവഹേളിച്ചിട്ടില്ല. അതിനാൽ തന്നെ ഈ കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു പൊലീസിന്റെ റഫര്‍ റിപ്പോര്‍ട്ട്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി തങ്ങൾക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ടവര്‍ മൊഴി നൽകിയതെന്നും റിപ്പോര്‍ട്ട് വിശദമാക്കിയിരുന്നു.

2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ വെച്ചാണ് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. തുടര്‍ന്ന് ജൂലൈ ആറിന് സജി ചെറിയാൻ രാജിവെച്ചു. സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണത്താല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്.

Top