ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ ധാരണയായി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ ധാരണയായി. 15 സീറ്റുകളില്‍ സിപിഐഎമ്മും നാലിടത്ത് സിപിഐയും മത്സരിക്കും. യുഡിഎഫ് വിട്ടുവന്ന കേരള കോണ്‍ഗ്രസ് എമ്മിന് കോട്ടയം സീറ്റ് നല്‍കാനാണ് ധാരണ. ശനിയാഴ്ച വൈകുന്നേരം ചേരുന്ന മുന്നണി നേതൃയോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ലോക്സഭയിലേക്ക് രണ്ട് സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്തിരിഞ്ഞെങ്കിലും ജൂണില്‍ ഒഴിവ് വരുന്ന രണ്ട് രാജ്യസഭാ സീറ്റില്‍ ഒന്ന് ലഭിക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. ജൂണില്‍ കാലാവധി പൂര്‍ത്തിയാകുന്ന രാജ്യസഭാംഗങ്ങളില്‍ ഒരാള്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയാണ്. ജോസ് കെ മാണിക്ക് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സീറ്റ് ആവശ്യപ്പെടുന്നത്.കഴിഞ്ഞ തവണത്തേത് പോലെ സിപിഐ ഇത്തവണയും നാല് സീറ്റില്‍ മത്സരിക്കും. ബാക്കിയുള്ള 15 സീറ്റില്‍ സിപിഐഎം മത്സരിക്കാനാണ് ധാരണ. ഈ മാസം 10ന് ചേരുന്ന മുന്നണി നേതൃയോഗത്തില്‍ അന്തിമ തീരുമാനമാകും. ലോക്സഭാ സീറ്റില്‍ മോഹമുള്ള ആര്‍ജെഡി ആവശ്യം ഉന്നയിക്കാന്‍ തയ്യാറായി ഇരിക്കുകയാണെങ്കിലും പരിഗണിക്കില്ല. സീറ്റ് വിഭജനത്തില്‍ ധാരണയായതോടെ ശനിയാഴ്ച മുതല്‍ തുടങ്ങുന്ന സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കും.

മുന്നണിയിലെ പ്രധാന പാര്‍ട്ടികളുമായി ആശയവിനിമയം നടത്തിയശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച് എല്‍ഡിഎഫ് നേതൃത്വം ധാരണയിലെത്തിയത്. മുന്നണിയിലെ പുതുമുഖമായ കേരളാ കോണ്‍ഗ്രസ് എം, സിറ്റിങ്ങ് സീറ്റായ കോട്ടയത്തിന് പുറമേ പത്തനംതിട്ട സീറ്റ് കൂടി ആവശ്യപ്പെട്ടിരുന്നു. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ പൂര്‍ണ സമ്മതമാണെന്ന് നേതൃത്വം അറിയിച്ചു. എന്നാല്‍ രണ്ടാമതൊരു സീറ്റ് കൂടി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കി. സിപിഐഎം നിര്‍ദേശത്തിന് വഴങ്ങിയ കേരളാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യത്തില്‍ നിന്ന് തല്‍ക്കാലം പിന്മാറി.

Top