മലപ്പുറം: മുസ്ലിം പെണ്‍കുട്ടികളുടെ തട്ടവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് കെ അനില്‍കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ സമസ്ത പ്രതികരിച്ചില്ലെന്ന വാദം ശരിയല്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍. വിഷയത്തില്‍ സമസ്തയുടെ പോഷക സംഘടനകള്‍ നിലപാട് പറഞ്ഞിട്ടുണ്ട്. നേതാക്കള്‍ തന്നെ പറയണമെന്നില്ലല്ലോ. വിവാദങ്ങള്‍ അവസാനിച്ചുവെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. അതൊന്നും സമസ്തയുടെ ഭാഗമല്ല. അനില്‍കുമാര്‍ അസമയത്ത് പറഞ്ഞ അഭിപ്രായമായിപ്പോയി. വസ്ത്രം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കിലും മതത്തിന്റെ ചിട്ടകള്‍ അനുസരിക്കണം. മുസ്ലിം സ്ത്രീകള്‍ മാത്രമല്ല, ക്രൈസ്തവരും തട്ടം ഉപയോഗിക്കുന്നുണ്ട്. അതിനെ കുറിച്ച് മാത്രമേ പരാമര്‍ശം ഉള്ളൂ. തട്ടം വിദ്യാഭ്യാസത്തിന് എതിരല്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അനില്‍കുമാറിന്റെ തട്ടം പരാമര്‍ശം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍ തളളിയെങ്കിലും മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചിരുന്നു. പരാമര്‍ശം അനവസരത്തിലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. തട്ടം പരാമര്‍ശത്തില്‍ കെ അനില്‍കുമാറിനെതിരെ എന്ത് നടപടിയാണ് സിപിഎം സ്വീകരിക്കുക എന്ന് വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീറും ആവശ്യപ്പെട്ടിരുന്നു.