ഡൽഹി: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ഇ ഡി നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. എഐസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു. ജന്തർമന്തറിലേക്കുള്ള എല്ലാ വഴികളും കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് ഡൽഹി പൊലീസ് തടഞ്ഞു. കേരള ഹൗസിലേക്കുള്ള വഴികളും പൊലീസ് അടച്ചു. ഒപ്പം കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്
ഇത് നാലാം തവണയാണ് രാഹുൽ ഗാന്ധിയെ നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യുന്നത്. ജൂൺ 13, 14, 15 തീയതികളിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. മൂന്ന് ദിവസങ്ങളിലായി 30 മണിക്കൂറോളമായിരുന്നു അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇനിയും വിവരങ്ങൾ രാഹുലിൽ നിന്നും ലഭിക്കാനുണ്ടെന്ന് കാണിച്ചായിരുന്നു വെള്ളിയാഴ്ച ഹാജരാകാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകിയത്.
സോണിയാ ഗാന്ധിയുടെ ആരോഗ്യ നില കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് നാലാം ഘട്ട ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റിയത്. രാവിലെ 11 മണിക്ക് ഇ ഡി ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസ് കേന്ദ്ര സർക്കാരിന്റെ പകപോക്കലാണെന്ന് ആരോപിക്കുന്ന കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമാവാൻ എല്ലാ എംപിമാരോടും ഇന്ന് ഡൽഹിയിലേക്ക് എത്താൻ പാർട്ടി നേതൃത്വം നിർദ്ദേശിച്ചിരുന്നു.