ലീഗിന് അര്‍ഹത സര്‍ട്ടിഫിക്കറ്റ് അല്ല വേണ്ടത്,കോണ്‍ഗ്രസിന്റെ ഐക്യം ശക്തിപ്പെടുത്തണം ; കെ.മുരളീധരന്‍

മുസ്ലിം ലീഗുമായുള്ള പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് കെ മുരളിധരന്‍. മൂന്നാം സീറ്റ് ആവശ്യം പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയെ ബാധിക്കും. ലീഗിന് അര്‍ഹത സര്‍ട്ടിഫിക്കറ്റ് അല്ല വേണ്ടത്. അനിശ്ചിതമായി നീളുന്നത് ശരിയല്ല കോണ്‍ഗ്രസിന്റെ ഐക്യം ശക്തിപ്പെടുത്തണമെന്നും എങ്കില്‍ മാത്രമേ യു ഡിഎഫില്‍ ഐക്യം ഉണ്ടാകൂവെന്നും മുരളിധരന്‍ പറഞ്ഞു.

വടകരയില്‍ കെ കെ ഷൈലജ സ്ഥാനാര്‍ഥി ആകുന്നത് പ്രശനം അല്ല. ടിപി ചന്ദ്ര ശേഖരന്റെ കൊലയാളികളുടെ പാര്‍ട്ടി വടകരയില്‍ ജയിക്കില്ലെന്നും കോണ്‍ഗ്രസ് 20 ല്‍ 20 ല്‍ സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരിലെ ഉപതെരഞ്ഞെടുപ്പ് പരാജയം ഗൗരവമായി കാണുന്നു. പരാജയത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. ലീഗിന് ചോദിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂകയുള്ളൂ. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും മുന്നണി രാഷ്ട്രീയത്തില്‍ സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തിലും അദ്ദേഹം പ്രതിരിച്ചു. ഊഹാ പോഹങ്ങള്‍ക്ക് മറുപടിയില്ലെന്നായിരുന്നു പ്രതികരണം. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. പാര്‍ട്ടി തീരുമാനിച്ച് പ്രവര്‍ത്തിക്കും. സിപിഐഎമ്മിനാണ് അങ്കലാപ്പ്. കഴിഞ്ഞതവണയും സിപിഐഎം സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചു എന്നാല്‍ 19 സീറ്റിലും യുഡിഎഫ് വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ താന്‍ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ വികാരത്തെ മാനിക്കുന്നു. പ്രവര്‍ത്തകര്‍ക്ക് അങ്ങനെ ആഗ്രഹിക്കാം. പാര്‍ട്ടി വേണ്ട സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

Top