കോഴിക്കോട്: കേരളത്തിന്റെ ഭരണ-പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് ബിജെപി സംസ്ഥാന വൈസ്പ്രസിഡൻറ് ബി.ഗോപാലകൃഷ്ണൻ. ഇടതും, വലതും ഹമാസിൻ്റെ അളിയന്മാരെപോലെയാണ് ഇപ്പോൾ പെരുമാറുന്നത്. മുസ്ലീം ലീഗ് ഏത് പക്ഷത്തേക്ക് പോകുമെന്ന ചർച്ചയാണ് കേരളത്തിൽ പ്രധാനമായും നടക്കുന്നത്. അതുകൊണ്ടാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇസ്ലാമിക ടൂറിസം പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മത്സ്യതൊഴിലാളികളെ സംരക്ഷിക്കുകയല്ല, മറിച്ച് അവർക്കായി കേന്ദ്രംനൽകുന്ന പണം എങ്ങനെ അടിച്ചുമാറ്റാമെന്ന ഗവേഷണത്തിലാണ് ഇടതു വലത് മുന്നണികൾ. കേന്ദ്രം സബ്സിഡി നിരക്കിൽ മത്സ്യതൊഴിലാളികൾക്ക് മണ്ണെണ്ണ നൽകുമ്പോൾ തമിഴ്നാട് പോലുള്ള മിക്ക സംസ്ഥാനങ്ങളും സബ്സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം നടപ്പിലാക്കുമ്പോൾ അതുപോലും അടിച്ചുമാറ്റുന്ന തിരക്കിലാണ് പിണറായി സർക്കാർ. നരേന്ദ്ര മോദി സർക്കാർ നിരവധി പദ്ധതികൾ മത്സ്യതൊഴിലാളികൾക്കായി നടപ്പിലാക്കുമ്പോൾ രാഷ്ട്രീയ വിരോധം മൂലം ഒരു പദ്ധതിപോലും പ്രാബല്യത്തിൽ വരുത്താൻ ഇടതുപക്ഷ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനം ധൂർത്തടിച്ച് കടബാദ്ധ്യത വരുത്തിവെക്കുമ്പോൾ ലഭിക്കുന്ന റവന്യൂ വരുമാനം മുഴുവനും കയ്യിട്ടുവാരുകയാണ് പിണറായി വിജയൻ. മതപരമായ വിഭജനം ഉണ്ടാക്കി മുസ്ലീം ലീഗിനെ ഒപ്പംകൂട്ടാനാണ് പലസ്തീൻ ഐക്യദാർഢ്യം എന്ന പേരിൽ മലബാറിൽ മാത്രം റാലികൾ സംഘടിപ്പിക്കാൻ സി.പി.എം തയ്യാറായത്, ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.