സര്‍ക്കാരിന് തിരിച്ചടിയുണ്ടാകും; ദേവസ്വം ബോര്‍ഡിലെ മുന്നാക്കസംവരണം നിലനില്‍ക്കില്ലെന്ന് നിയമസെക്രട്ടറി

Devaswom-board

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ മുന്നാക്കസംവരണം നിലനില്‍ക്കില്ലെന്ന് നിയമസെക്രട്ടറി. സംവരണവുമായി മുന്നോട്ടുപോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സംവരണവിഷയവുമായി ബന്ധപ്പെട്ട കേസുകളിലെ സുപ്രീംകോടതി വിധിക്കെതിരാണ് തീരുമാനമെന്നും നിയമോപദേശത്തില്‍ പറയുന്നു.

നിയമത്തിന്റെ പിന്‍ബലമില്ലാത്തതും, കോടതിയില്‍ ചോദ്യം ചെയ്താല്‍ ഇല്ലാതാകുന്നതുമാണ് ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച പുതിയ സംവരണ നയമെന്ന് നിയമസെക്രട്ടറി പറയുന്നു. സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ മാത്രം പിന്നോക്കാവസ്ഥ കണക്കാക്കുന്ന രീതി രാജ്യത്തെങ്ങും നിലവില്ലെന്നും, ഈ രീതിയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഇന്ദ്രാ സാവ്‌നി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും, 2007ലെ നാഗരാജ് കേസിലും 2017 ലെ ബി.കെ.പവിത്ര കേസിലും സുപ്രീംകോടതി ഈ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടെന്നും നിയമസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

ഇന്ദ്രാ സാവ്‌നി കേസിന്റെ വിധിപകര്‍പ്പുകൂടി ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രിക്ക് നിയമോപദേശം കൈമാറിയത്. നിയമങ്ങള്‍ അനുശാസിക്കാത്ത സംവരണവുമായി മുന്നോട്ടുപോകുന്നത് വൃഥാവ്യായാമം ആയിരിക്കുമെന്നും നിയമസെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പത്തുശതമാനം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തെ എന്‍.എസ്.എസ്. സ്വാഗതം ചെയ്‌തെങ്കിലും എസ്.എന്‍.ഡി.പി ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

Top