തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കത്ത് വിവാദത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കത്ത് വിവാദം സിപിഎം അന്വേഷിക്കും. പുറത്തുവന്ന കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ വ്യക്തമാകട്ടേ. പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കും. ആര് തെറ്റ് ചെയ്താലും നടപടിയെടുക്കുമെന്നും ആനാവൂര്‍ പറഞ്ഞു.
കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും. താല്‍കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച് പ്രചരിച്ച കത്തിലാണ് സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് കത്ത് വിവാദം അന്വേഷിക്കാന്‍ തീരുമാനമായത്. മേയറുടെ പരാതിയില്‍ കത്ത് വിവാദത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. എസ് പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.