തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ പ്രതിരോധം തീർക്കാൻ യുഡിഎഫ് കാലത്തെ കത്തുകൾ കുത്തിപ്പൊക്കി സിപിഎം. എഴ് വര്‍ഷം മുമ്പ് യുഡിഎഫ് അധികാരത്തിലിരുന്ന സമയത്ത് പലവിധ നിയമനങ്ങള്‍ക്കായി നടത്തിയ ശുപാര്‍ശ കത്തുകളാണ് സിപിഎം കുത്തിപ്പൊക്കിയത്. ഇതില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ കത്ത് നഗരസഭ ആസ്ഥാനത്തിന് മുന്നില്‍ ഫ്ലക്സടിച്ച് സ്ഥാപിക്കുകയും ചെയ്തു.
2011-ല്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കോണ്‍ഗ്രസിന് വേണ്ടി കോടതിയില്‍ ഹാജരായിട്ടുള്ളയാളിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്താണ് സിപിഎം പ്രധാന ആയുധമാക്കി ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനൊപ്പം ഇപ്പോഴത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച ശുപാര്‍ശ കത്തും പുറത്തുവിട്ടിട്ടുണ്ട്.
ഇതിനുപുറമെ കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പി.ടി. തോമസിന് അയച്ച ശുപാര്‍ശ കത്ത്, ജോസഫ് വാഴക്കന്‍, ടി.എന്‍. പ്രതാപന്‍, കെ.പി. ധനപാലന്‍, പി.സി. വിഷ്ണുനാഥ്, എ.എ. ഷുക്കൂര്‍, എന്‍. പീതാംബരക്കുറുപ്പ്, ഷാഹിദ കമാല്‍, ഹൈബി ഈഡന്‍, കെ.എന്‍.എ. ഖാദര്‍, എ.പി. അനില്‍കുമാര്‍, സി.പി. ജോണ്‍, എം.എം. ഹസന്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ ശുപാര്‍ശ കത്തും പുറത്തു വന്നിട്ടുണ്ട്.
ഇവയെല്ലാം ഗവണ്‍മെന്റ് പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ളവയാണെന്നതാണ് ശ്രദ്ധേയം. കാലാകാലങ്ങളായി ഇരുമുന്നണികളും അധികാരത്തിലിരുന്ന സമയത്ത് അവര്‍ക്ക് വേണ്ടപ്പെട്ട അഭിഭാഷകരെ ഇങ്ങനെ നിയമിക്കാറുണ്ടെന്നുള്ളത് കീഴ്‌വഴക്കമാണ്. ഇതിനുള്ള ശുപാര്‍ശ കത്തുകളാണ് ഇപ്പോള്‍ പുറത്തു വന്നത്. തിരുവനന്തപുരം മേയറും സി.പി.എം. ജില്ലാ സെക്രട്ടറിയുമുള്‍പ്പെട്ട പിന്‍വാതില്‍ നിയമന വിവാദത്തിന് പ്രതിരോധം തീർക്കാൻ വേണ്ടി സി.പി.എം. സൈബര്‍ വിഭാഗമാണ് ഇവ ഉയര്‍ത്തിക്കൊണ്ട് വരുന്നത്.