തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ നോട്ടീസ് അയച്ചു. മേയർക്ക് പുറമെ കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് അയച്ചു. 20 നകം രേഖാമൂലം മറുപടി നൽകണമെന്നും ഡിസംബർ 2 ന് ഓൺലൈൻ സിറ്റിങ്ങിൽ ഹാജരാവണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. യൂത്ത്‌കോൺഗ്രസ് നേതാവ് സുധീർ ഷാ പാലോട് നൽകിയ പരാതിയിലാണ് നടപടി. മേയർ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നായിരുന്നു പരാതി.
അതേസമയം, നഗരസഭാ കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് എസ്.പിക്ക് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി സ്ഥലത്ത് ഇല്ലാത്തതിനാൽ അടുത്ത ദിവസങ്ങളിലാകും റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുക. വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കണമെന്ന റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് ഡിജിപിക്ക് നൽകുക. അതിനിടെ വിജിലൻസ് ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. നഗരസഭാ ജീവനക്കാരിൽ ഇനി മൊഴി എടുക്കേണ്ടവരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്.
കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിലിന്റെ മൊഴിയെടുത്തിരുന്നു. ക്രൈംബ്രാഞ്ചും വിജിലൻസുമാണ് മൊഴി രേഖപ്പെടുത്തിയത്. മേയര്‍ ആര്യാരാജേന്ദ്രന്റെ കത്തിനെക്കുറിച്ച് അറിയില്ലെന്നാണ് ഡി.ആർ അനിലിന്റെ മൊഴി.