കുസാറ്റ് ദുരന്തം; പരിപാടിക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് നല്‍കിയ കത്ത് പുറത്ത്

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ സര്‍വകലാശലയുടെ വീഴ്ച വ്യക്തമാക്കുന്ന കത്ത് പുറത്ത്. പരിപാടിക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പാള്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ കത്താണ് പുറത്തു വന്നത്. കത്ത് ലഭിച്ചിട്ടും രജിസ്ട്രാര്‍ നടപടി എടുത്തില്ല എന്നാണ് ആരോപണം. കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പളിന്റെ പേരില്‍ പുറത്ത് വന്ന കത്തിലാണ് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

അച്ചടക്കം ഉറപ്പാക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവിചാരിതമായ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പൊലീസ് സുരക്ഷ നിര്‍ബന്ധമാണെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

ദിഷ്ണ 2023 എന്ന പേരില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങിലെ വിദ്യാര്‍ത്ഥികള്‍ 24,25 തീയതികളില്‍ പരിപാടി നടത്തുന്നുണ്ട് എന്നും ആവശ്യത്തിനു പൊലീസ് സുരക്ഷവേണം എന്നും കത്തില്‍ ഉണ്ട്. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് പുറത്ത് നിന്നുള്ളവരും വരാന്‍ സാധ്യതയുണ്ട്. പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമാണ് ആവശ്യത്തിനു പൊലീസിനെ ഉറപ്പാക്കേണ്ടത്.

എന്നാല്‍ കത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ വൈസ് ചാന്‍സിലര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ദിഷ്ണ എന്ന പരിപാടിയെകുറിച്ച് കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടില്ല എന്ന് ദുരന്തം ദിവസം തന്നെ പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍, പരിപാടി നടക്കുന്നത് പൊലീസിന് അറിയമായിരുന്നുവെന്നും സംഭവം നടക്കുമ്പോള്‍ ആറ് പൊലീസുകാര്‍ അവിടെയുണ്ടായിരുന്നുവെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കിയത്.

Top