കബഡിയില്‍ ഇന്ത്യയുടെ അഭിമാനതാരമായിരുന്ന അര്‍ജുന്‍ ചക്രവര്‍ത്തിയുടെ ജീവിതം സിനിമയാകുന്നു. വിക്രാന്ത് രുദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അര്‍ജുന്‍ ചക്രവര്‍ത്തി – ജേര്‍ണി ഓഫ് ആന്‍ അണ്‍സങ്ങ് ചാമ്പ്യന്‍’ എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ ചക്രവര്‍ത്തിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നത്.
നിശ്ചയദാര്‍ഢ്യവും സ്വപ്നങ്ങള്‍ കയ്യെത്തിപ്പിടിക്കാനുള്ള നിതാന്ത പരിശ്രമവും നിറഞ്ഞ കഥയാണ് അര്‍ജുന്‍ ചക്രവര്‍ത്തിയുടേത്. മനുഷ്യരുടെ ഇച്ഛാശക്തിയും വിജയക്കുതിപ്പുമാണ് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത് എന്നാണ് ചിത്രത്തിനെ കുറിച്ച് നിര്‍മാതാവ് ശ്രീനി ഗബ്ബാല പറഞ്ഞത്.’1980-കളില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കപില്‍ ദേവിന്റെ സ്വാധീനം പോലെയായിരുന്നു ഇന്ത്യന്‍ കബഡിയില്‍ അര്‍ജുന്‍ ചക്രവര്‍ത്തിയുടെ സ്വാധീനം’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. തെലുങ്കിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന ‘അര്‍ജുന്‍ ചക്രവര്‍ത്തി’ ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.
തെലങ്കാന, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ രാജ്യത്തെ 125 ലധികം സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. അര്‍ജുന്‍ ചക്രവര്‍ത്തിയുടെ കുട്ടിക്കാലം മുതല്‍ മധ്യവയസ്സ് വരെയുള്ള ജീവിതം ചിത്രത്തില്‍ പറയുന്നുണ്ട്. ഇതിനായി നായകന്‍ ഏഴ് ശാരീരിക രൂപമാറ്റങ്ങളിലൂടെ കടന്നുപോയിരുന്നതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.