ചൈനയിലെ വുഹാനിൽ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രാദേശിക ഭരണകൂടം

വുഹാൻ: ലോകത്ത് ആദ്യമായി കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലമാണ് ചൈനയിലെ വുഹാൻ. വുഹാനിൽ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവിശ്യയിൽ നാല് പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും താമസസ്ഥലത്ത് തന്നെ തുടരണമെന്നുമാണ് ജനങ്ങളോട് പ്രാദേശിക ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. 1.20 കോടി ആളുകൾ പാര്‍ക്കുന്ന നഗരമാണ് വുഹാൻ. രണ്ട് ദിവസം മുൻപ് ഇവിടെ നടത്തിയ പരിശോധനയിലാണ് നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡിൻ്റെ പ്രഭവകേന്ദ്രം വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റ് ആണ് എന്നതിന് തെളിവുകളുണ്ടെന്ന് നേരത്തെ സ്കോട്ട്ലാൻഡിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. സ്കോട്ട് ലൻഡിലെ ഗ്ലാസ്ഗ്ലോ സർവകലാശാലയിലെ പ്രൊഫസർമാരാണ് ഇതേക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് പുറത്തു വിട്ടത്. ചൈനയിൽ ആദ്യം കണ്ടെത്തിയ കൊവിഡ് കേസുകൾ വുഹാനിലെ ഹുവാനൻ മാർക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ജനിതക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. 2019 നവംബറിലോ ഡിസംബർ ആദ്യത്തിലോ മനുഷ്യരിൽ രണ്ട് വകഭേദങ്ങൾ ഉണ്ടായെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 2019 അവസാനത്തോടെ ഹുവാനാൻ മാർക്കറ്റിൽ വിറ്റ ജീവനുള്ള സസ്തനികളിൽ സാർസ് കോവ് 2 വകഭേദം ഉണ്ടെന്ന് ജനിതക പരിശോധനയിൽ വ്യക്തമായെന്നും ഗവേഷകർ അവകാശപ്പെടുന്നു.

Top