ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ് ആശയത്തിലൂടെ മുന്നോട്ട് പോകാനുള്ള ചര്‍ച്ചകളിലാണ് ലോകമ്മീഷന്‍. എന്നാല്‍ ഭരണഘടനാ ഭേദഗതി നടത്തിയാല്‍ മാത്രമേ ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്താനാകൂ. ഇടയ്ക്കിടക്ക് തെരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒറ്റത്തവണ തെരഞ്ഞെടുപ്പ് എന്ന ആശയത്തിലൂടെ ഇല്ലാതാക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. നേരത്തെ തന്നെ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ 1968ല്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാകാതെ പിരിച്ചു വിടേണ്ടി വന്നതിനെത്തുടര്‍ന്ന് നടന്നില്ല. 1970ല്‍ ലോക്‌സഭ തന്നെ പിരിച്ചു വിട്ടു.
ഇന്ത്യന്‍ ഭരണഘടനയുടെ 172-ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷമാണ് ഓരോ സംസ്ഥാന നിയമസഭകളുടെയും കാലാവധി. ആദ്യ സമ്മേളനം മുതല്‍ അത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കണമെന്നാണ് കണക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൂടെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തണമെങ്കില്‍ 172-ാം വകുപ്പും ജനകീയ പങ്കാളിത്ത നിയമത്തിന്റെ 14-ാം വകുപ്പും പ്രധാനമായും ഭേദഗതി ചെയ്യണം. പ്രത്യേക സാഹചര്യങ്ങളില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അടുത്ത തെരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസത്തെ സമയം അനുവദിക്കണം എന്നാണ് നിലവിലെ ചട്ടം.
172-ാം വകുപ്പ് ഭേദഗതി ചെയ്യുന്നത് തന്നെയാണ് ആദ്യഘട്ടം. ആദ്യം പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കണം. പിന്നീട് സംസ്ഥാന നിയമസഭകളില്‍. രാജ്യത്തെ 19 നിയമസഭകളില്‍ ബിജെപിയോ, ബിജെപി കൂട്ടുകെട്ടോ ഭരിക്കുന്നതിനാല്‍ അത് സാധ്യമാകും. ഏറ്റവുമവസാനം രാഷ്ട്രപതിയുടെ അംഗീകാരവും വേണം.
അതിനേക്കാള്‍ എളുപ്പത്തില്‍ കാര്യം സാധിക്കുന്ന മറ്റൊരു വഴിയാണ് സംസ്ഥാന മന്ത്രിസഭകള്‍ ഇപ്പോള്‍ പിരിച്ച് വിട്ടിട്ട് ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് അവിടെ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിപ്പിക്കുന്നത്. അതാണ് തെലങ്കാന മുതല്‍ ബിജെപി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്. 20 സംസ്ഥാനങ്ങളിലെങ്കിലും ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കും. 120 ദിവസമാണ് ഇന്നു മുതല്‍ കണക്കാക്കിയാല്‍ ഇതിനായി ഉള്ളത്. ഇക്കാലയളവില്‍ തന്നെ ഭരണഘടനാ ഭേദഗതിയും നടത്താന്‍ സാധിക്കും.
തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുന്ന ചെലവുകളെക്കുറിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നിയമ കമ്മീഷനോട് ആരാഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അടിക്കടി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും വികസനത്തെയും മോശമായി ബാധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കുറഞ്ഞത് 16-18 സംസ്ഥാനങ്ങളില്‍ ലോക്‌സഭയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. രാജസ്ഥാന്‍ മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തെ കൂടെ നിര്‍ത്താന്‍ ബിജെപിക്ക് സാധിക്കുന്നുണ്ട്.
ഓരോ തെരഞ്ഞെടുപ്പിലും കമ്മീഷനുണ്ടാകുന്ന ചെലവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകുന്ന ചെലവും ഭീമമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി പോകേണ്ടി വരും. അതുപോലെ തന്നെ, നയരൂപീകരണങ്ങള്‍ക്കും എപ്പോഴും സമയം കണ്ടെത്തേണ്ടതായി വരുന്നു. ഇതെല്ലാം ഒറ്റത്തവണ തെരഞ്ഞെടുപ്പില്‍ ഇല്ലാതാക്കാം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആശയം.
അഞ്ച് വര്‍ഷത്തില്‍ ഒരു തവണ മാത്രം തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സര്‍ക്കാരുകള്‍ കാലാവധി തീരാതെ പുറത്താകുന്ന പ്രശ്‌നങ്ങള്‍ പരമാവധി ഇല്ലാതാകുമെന്നും ഫെഡറല്‍ സംവിധാനം കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ഈ ആശയത്തിനുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിശ്വാസം പ്രകടിപ്പിക്കുന്നത്.