മണിപ്പുർ വിഷയത്തിൽ അഞ്ചാം ദിവസവും കലുഷിതമായി ലോക്സഭ

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ലോക്സഭ തുടർച്ചയായ അഞ്ചാം ദിവസവും ഭാഗികമായി തടസ്സപ്പെട്ടു. രാജ്യസഭയിലും ബഹളമുണ്ടായി. 6 ബില്ലുകൾ അവതരിപ്പിക്കുകയും വനനിയമ ഭേദഗതി ബിൽ ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ മൈക്ക് ഓഫാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയി. മണിപ്പുരിൽ സമാധാനമുണ്ടാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് സിപിഎം അംഗം ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ലോക്സഭയിൽ പ്രതിപക്ഷ മുന്നണിയുടെ അവിശ്വാസ പ്രമേയ നോട്ടിസ് അംഗീകരിച്ചതിനു പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തര‌വേള അൽപസമയം തുടർന്ന ശേഷം സഭ ഉച്ചവരെ നിർത്തിവച്ചു.

പിന്നീട് നോട്ടിസ് അംഗീകരിച്ച ശേഷം ജനന മരണ റജിസ്ട്രേഷൻ ഭേദഗതി ബിൽ, ജമ്മു കശ്മീർ സംവരണ ഭേദഗതി ബിൽ, ജമ്മു കശ്മീർ പുനസ്സംഘടനാ ഭേദഗതി ബിൽ, ജമ്മു കശ്മീർ ഭരണഘടനാ പട്ടികജാതി ഭേദഗതി ബിൽ, ജമ്മു കശ്മീർ ഭരണഘടനാ പട്ടികവർഗ ഭേദഗതി ബിൽ, ഖനന ഭേദഗതി ബിൽ എന്നിവ പ്രതിപക്ഷ ബഹളത്തിനിടെ അവതരിപ്പിച്ചു.

വനനിയമ ഭേദഗതി ബിൽ പാസാക്കാനെടുത്തപ്പോൾ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി ലഭിച്ച സാഹചര്യത്തിൽ ബില്ലുകൾ പാസാക്കുന്നത് ശരിയല്ലെന്നു പറഞ്ഞ് ആർഎസ്പി അംഗം എൻ.കെ.പ്രേമചന്ദ്രൻ ക്രമപ്രശ്നമുന്നയിച്ചു. സ്പീക്കർ പിന്നീട് റൂളിങ് നൽകുമെന്ന് ചെയറിലുണ്ടായിരുന്ന രാജേന്ദ്ര അഗർവാൾ ഉറപ്പു നൽകിയ ശേഷം ബിൽ ശബ്ദവോട്ടോടെ പാസാക്കി.

Top