ശശി തരൂരിന്റെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ലോക്‌സഭയില്‍ ബഹളം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം പിയായ ശശി തരൂരിന്റെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ലോക്‌സഭയില്‍ ബഹളം. പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന്‍ വാദത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത്. തരൂര്‍ പരാമര്‍ശം പിന്‍വലിച്ച് കൊണ്ട് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യമുന്നയിക്കുന്നത്.

ബി ജെ പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്നും, ഇന്ത്യയെ ‘ഹിന്ദു-പാക്കിസ്ഥാന്‍’ ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് മുസ്ലീമിനേക്കാളും സുരക്ഷിതത്വം പശുവിനാണെന്നും. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും തരൂര്‍ പറഞ്ഞിരുന്നു.

സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ധാരാളം വിമര്‍ശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. തരൂരിന്റെ വാക്കുകളെ ബിജെപി നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നായിരുന്നു ഇതിനെല്ലാമുള്ള തരൂരിന്റെ മറുപടി.

Top