നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ അഭയ കേസ് വിധി ഇന്ന്

sister abhaya

തിരുവനന്തപുരം : നീണ്ട കാത്തിരിപ്പിനൊടുവില്‍ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഇന്ന് വിധി പറയും.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്.ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സംഭവം ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസായിരുന്നു അഭയയുടേത്. തുടർന്ന് 1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ ഏറ്റെടുത്തത്.

കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന് 2007ല്‍ സിബിഐയുടെ പുതിയ അന്വേഷണസംഘം തുടരന്വേഷണം ആരംഭിച്ചു.2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ് സിബിഐ കുറ്റപത്രം. ഈ മാസം പത്തിനായിരുന്നു വാദം പൂർത്തിയായത്. ഏതായാലും വിവാദ കേസിന്റെ വിധി എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ജനത

Top