ജനങ്ങളുടെ ആശങ്ക പരിഹരിക്കും ;എല്‍പിജി ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കില്ലന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കില്ലന്ന് സര്‍ക്കാര്‍. നിര്‍മാണം താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

പദ്ധതിയെക്കുറിച്ച് പ്രദേശവാസികള്‍ ഉന്നയിച്ച ആശങ്കകള്‍ കണക്കിലെടുത്താണ് നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.

പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ ഉണ്ടാവുന്ന സുരക്ഷാ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധരടങ്ങുന്ന സംഘത്തെ നിയോഗിക്കും, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് സമരസമിതി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വൈപ്പിന്‍ എംഎല്‍എ എസ്.ശര്‍മ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് തുടങ്ങിയ നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിലെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളോട് സമരസമിതി എതിര്‍പ്പ് ഉന്നയിച്ചില്ലെന്ന് നേതാക്കള്‍ പ്രതികരിച്ചു.

പുതുവൈപ്പിലെ സമരം ശക്തമാകുന്നതിനിടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് ഇന്നലെ ലഭിച്ചതോടെ സമരക്കാര്‍ യോഗം കൂടി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഐഒസി വിരുദ്ധ സമരസമിതി പ്രവര്‍ത്തകരോടൊപ്പം വരാപ്പുഴ രൂപതാ ബിഷപ്പിന്റെ രണ്ട് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Top